ആലപ്പുഴയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചതിനെ റേപ്പ് ജോക്ക് ആയി അവതരിപ്പിച്ച വലതുപക്ഷ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർക്ക് എതിരെ സോഷ്യൽമീഡിയയിൽ പൊങ്കാല. ശ്രീജിത്ത് ജോലി ചെയ്യുന്ന ഐബിഎസ് സോഫ്റ്റ്‌വെയർ കമ്പനിയുടെ ഫേസ്ബുക്ക് പേജിൽ ഇടതുപക്ഷ പ്രൊഫൈലുകൾ പ്രതിഷേധം നടത്തിയിരുന്നു. ശ്രീജിത്തിനെ ജോലിയിൽ നിന്നും പിരിച്ചുവിടണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതിഷേധം കനത്തതോടെ ഐബിഎസ് കമ്പനി ഫേസ്ബുക്ക് പേജ് താൽക്കാലികമായി ഹൈഡ് ചെയ്തിരിക്കുകയാണ്. റേപ്പ് ജോക്കിനെ തുടർന്ന് നിരവധി പ്രമുഖർ ശ്രീജിത്തിനൊപ്പം ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ശ്രീജിത്ത് പണിക്കർക്ക് പിന്തുണയുമായി സംവിധായകൻ അലി അക്ബർ രംഗത്തെത്തിയിരുന്നു. എല്ലാവരും ശ്രീജിത്ത് പണിക്കർക്കെതിരെയാണല്ലോ. എന്നാൽ നമുക്ക് ഒരു ചാനൽ തുടങ്ങിയാലോ പണിക്കരേ? എന്നായിരുന്നു അലി അക്ബറിന്റെ പോസ്റ്റ്.
കൂടാതെ ശ്രീജിത്തിന്റെ പണി പോയാൽ നല്ല പണികിട്ടുമെന്നാണ് സിപിഐഎം പ്രവർത്തകരെ വെല്ലുവിളിച്ച് അലി അക്ബർ ഫേസ്ബുക്കിൽ മറ്റൊരു പോസ്റ്റുകൂടി കുറിച്ചിരിക്കുകയാണ്. പണിയുള്ള പണിക്കരെക്കാൾ, പണിയില്ലാത്ത പണിക്കരാവും കൂടുതൽ പണിയുക എന്നാണ് അലി അക്ബറിന്റെ മുന്നറിയിപ്പ്.
നേരത്തെ, ശ്രീജിത്ത് പണിക്കർ പങ്കെടുക്കുന്ന ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഡോ.പ്രേംകുമാർ, രശ്മിത രാമചന്ദ്രൻ, റെജി ലൂക്കോസ് എന്നിവർ രംഗത്തെത്തിയിരുന്നു.
Discussion about this post