കൊല്ലം: പത്തനാപുരത്ത് കെബി ഗണേഷ് കുമാര്‍ വിജയിച്ചതോടെ പന്തയത്തില്‍ പറഞ്ഞ വാക്ക് പാലിച്ച് യുവോമര്‍ച്ചാ നേതാവ്. യുവമോര്‍ച്ചാ നിയോജക മണ്ഡലം പ്രസിഡന്റ് ചേകം രഞ്ജിത്താണ് കേരളാ കോണ്‍ഗ്രസ് ബി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ തലമുണ്ഡനം ചെയ്ത് പന്തയത്തിലെ വാക്ക് നിറവേറ്റിയത്.
പത്തനാപുരം നിയോജക മണ്ഡലത്തില്‍ ഇത്തവണ ഗണേഷ് കുമാര്‍ പരാജയപ്പെടുമെന്നായിരുന്നു രഞ്ജിത്തിന്റെ വിശ്വാസം. ബിജെപി സ്ഥാനാര്‍ത്ഥി ജിതിന്‍ ദേവ് വിജയിക്കുമെന്നും ഉറപ്പ് പറഞ്ഞിരുന്നു. ഇതിലാണ് പന്തയം വെച്ചത്. വോട്ടെണ്ണുന്ന ദിവസം ബിജെപി അക്കൗണ്ട് തുറന്നില്ലെങ്കില്‍ തലമുണ്ഡനം ചെയ്യുമെന്നും രഞ്ജിത്ത് വെല്ലുവിളിച്ചിരുന്നു.
‘കൊവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനം കൊണ്ട് വാക്ക് പാലിക്കാന്‍ സമയം എടുത്തത്. ഈ വര്‍ഷം മണ്ഡലത്തില്‍ ഒരു മാറ്റം പ്രതീക്ഷിച്ചിരുന്നു. അങ്ങനെയാണ് ബെറ്റ് വെച്ചത്.’ രജ്ഞിത്ത് പറഞ്ഞു. അതേസമയം, മുടി പോയാലും താന്‍ അന്തസുള്ളവനാണെന്നും ഇനി അടുത്ത തിരഞ്ഞെടുപ്പില്‍ പന്തയവുമായി കാണാമെന്നും രജ്ഞിത്ത് വെല്ലുവിളി നടത്തിയിട്ടുണ്ട്.