കോവിഡ് കാലത്തെ അതിജീവനമാതൃക! കപ്പ കൃഷിയുടെ ആദ്യ വിളവ് നാട്ടുകാര്‍ക്ക്: കണ്ടെയ്ന്‍മെന്റ് സോണില്‍ സൗജന്യമായി വിതരണം ചെയ്ത് കൊടുങ്ങല്ലൂര്‍ സ്വദേശി

എറിയാട്: ലോക്ക്ഡൗണായതോടെ വിളവെടുത്ത കപ്പ മുഴുവന്‍ നാട്ടുകാര്‍ക്ക് വിതരണം ചെയ്ത് കൊടുങ്ങല്ലൂര്‍ സ്വദേശി. കൊടുങ്ങല്ലൂര്‍ എറിയാട് പഞ്ചായത്തിലെ കര്‍ഷകനായ സുരേഷാണ് അതിജീവനകാലത്തെ മഹാമാതൃകയാവുന്നത്.

ആറുമാസത്തെ അധ്വാനഫലമായ ഒരേക്കറിലെ കൃഷിയുടെ ആദ്യ വിളവെടുപ്പിലൂടെ ലഭിച്ച 400 കിലോ കപ്പയാണ് സുരേഷ് നാട്ടുകാര്‍ക്ക് വിതരണം ചെയ്തത്. ചുറ്റുമുള്ളവര്‍ക്ക് കഷ്ടപ്പെടുമ്പോള്‍ തന്നാല്‍ കഴിയുന്ന സഹായം എന്ന നിലയ്ക്കാണ് കപ്പ നല്‍കിയതെന്ന് സുരേഷ് പറഞ്ഞു. ഉപജീവന മാര്‍ഗ്ഗമായ കപ്പ കൃഷിയില്‍ നിന്നും ലാഭം നോക്കാതെയാണ് സുരേഷിന്റെ നന്മ.

സാധാരണക്കാര്‍ നിരവധി താമസിക്കുന്ന ഇവിടെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലം കൂടിയാണ്. ചുറ്റുമുള്ള സാധാരണക്കാര്‍ കഷ്ടപ്പെടുന്നത് ബോധ്യമായതോടെയാണ് ആദ്യ വിളവ് നാട്ടുകാര്‍ക്ക് സൗജന്യമായി നല്‍കാന്‍ സുരേഷ് മുന്നോട്ട് വന്നത്.

വാര്‍ഡ് മെമ്പര്‍ തമ്പി ഇ കണ്ണനോട് സുരേഷ് തന്നെയാണ് വിവരം പറഞ്ഞത്. തുടര്‍ന്ന് പറിച്ചുകൂട്ടിയ കപ്പ എറിയാട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ വീടുകളില്‍ വിതരണം ചെയ്യുകയായിരുന്നു.

ലോക്ഡൗണും കൊവിഡും മൂലം ഉപജീവനമാര്‍ഗങ്ങള്‍ അടഞ്ഞ നിലയിലായിരുന്നു പ്രദേശവാസികളും. സുരേഷിന്റെ സന്മനസ്സിന് മികച്ച പ്രതികരണമാണ് നാട്ടുകാരില്‍ നിന്ന് ലഭിക്കുന്നത്. വാര്‍ഡ് മെമ്പറും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് കപ്പ കിറ്റുകളിലാക്കിയാണ് പ്രദേശവാസികള്‍ക്ക് നല്‍കിയത്.

Exit mobile version