പാലക്കാട്: പാലക്കാട് നഗരത്തിൽ പോലീസ് നടത്തുന്ന ലോക്ക്ഡൗൺ പരിശോധനകൾക്ക് ഒപ്പം ചേർന്ന് സേവാഭാരതി വളണ്ടിയർമാരും. വാഹന പരിശോധന നടക്കുന്നതിനിടെ പോലീസിനൊപ്പം സംഘപരിവാർ സംഘടനയായ സേവാഭാരതിയുടെ പ്രവർത്തകർ യൂണിഫോമിൽ റോഡിലിറങ്ങിയത് വലിയ ചർച്ചയായതോടെ ഇവർ പിൻവാങ്ങി.
തിങ്കളാഴ്ച സേവഭാരതി, പാലക്കാട് എന്നെഴുതിയ കുങ്കുമ നിറമുള്ള ടീ ഷർട്ടും കാക്കി പാന്റും ധരിച്ചാണ് വളണ്ടിയർമാർ നിരത്തിലിറങ്ങിയത്. ഇവരിൽ ചിലർ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച്, മാസ്ക് താഴ്ത്തി യാത്രക്കാരോട് സംസാരിക്കുന്നതായ ചിത്രങ്ങളും സോഷ്യൽമീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ, പോലീസ് തന്നെ ഇടപെട്ട് സേവാഭാരതി വളണ്ടിയരുടെ സേവനം നിഷേധിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ പാലക്കാട് നഗരത്തിനു സമീപം കാടാങ്കോട് ജംഗ്ഷനിലാണ് ആണ് സംഭവം. പോലീസുകാരോടൊപ്പം സേവാഭാരതി വളണ്ടിയർമാരും യാത്രക്കാരോട് യാത്രയുടെ ഉദ്ദേശം ചോദിച്ചറിയുന്നുണ്ടായിരുന്നു. ഞായറാഴ്ചയും സേവഭാരതി പ്രവർത്തകർ പോലീസിനെ സഹായിക്കാൻ എത്തിയിരുന്നെങ്കിലും യൂണിഫോം ധരിച്ചിരുന്നില്ല.
പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ…
Posted by T Siddique on Monday, May 10, 2021
നിയുക്ത കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖ് സംഭവത്തിന്റെ ഫോട്ടോകൾ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പൊലീസിന്റെ അധികാരം സേവഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, പാലക്കാട് നഗരസഭ ഭരണം ബിജെപിക്ക് ലഭിച്ചപ്പോൾ നഗരസഭ കാര്യാലയത്തിന് മുകളിൽ കയറി ജയ്ശ്രീറാം ബാനർ സ്ഥാപിച്ചത് ഏറെ വിവാദമായിരുന്നു.
Discussion about this post