പുൽപള്ളി: ലോക്ഡൗണിൽ മദ്യം തപ്പിയിറങ്ങി ആദിവാസി യുവാക്കളെ തിരിച്ച് സുരക്ഷിതമായി വീട്ടിലെത്തിച്ച് വയനാട് കളക്ടർ. മദ്യശാല തപ്പി ഇറങ്ങിയ മുള്ളൻകൊല്ലി പെരിക്കല്ലൂരിലെ യുവാക്കളെയാണ് കളക്ടർ ഔദ്യോഗിക വാഹനത്തിൽ തിരികെ കോളനിയിലെത്തിച്ചത്. മാസ്കും സാനിറ്റൈസറും ഒന്നുമില്ലാതെ കോവിഡിനെ കുറിച്ച് വലിയ ധാരണയില്ലാതെയായിരുന്നു യുവാക്കൾ ലോക്ക്ഡൗൺ കാലത്ത് മദ്യശാല തപ്പിയിറങ്ങിയത്. വഴിയിൽ വെച്ചാണ് പതിവ് നിരീക്ഷണത്തിനിറങ്ങിയ ജില്ലാകളക്ടർ ഡോ. അദീല അബ്ദുള്ളയുടെ കാറിന് മുന്നിൽ യുവാക്കൾ ചെന്നുപെട്ടത്.
ഒരാൾ പെരിക്കല്ലൂർ സ്വദേശിയും മറ്റൊരാൾ നെയ്ക്കുപ്പ ചങ്ങനമൂല കോളനിവാസിയുമായിരുന്നു. മദ്യം തേടിയെത്തിയതായിരുന്നു ഇരുവരും.
കാർനിർത്തി ഇരുവർക്കും കോവിഡ് ബോധവത്കരണം നൽകിയ കളക്ടർ അവർക്ക് മാസ്കും സാനിറ്റൈസറും നൽകി. കോവിഡ് മഹാമാരി വ്യാപിക്കുന്ന സാഹചര്യവും മദ്യത്തിന്റെ ദൂഷ്യഫലങ്ങളും യുവാക്കളെ കളക്ടർ പറഞ്ഞുമനസ്സിലാക്കി. ലോക്ഡൗൺ കാലത്ത് കോളനികളിൽ ഭക്ഷണസാധനങ്ങളടക്കം എത്തിക്കുമെന്നും കളക്ടർ പറഞ്ഞു.
ഔദ്യോഗികവാഹനത്തിൽ തന്നെ ഇവരെ കോളനിയിലെത്തിച്ചു. കോളനിവാസികൾക്ക് കൂടി കോവിഡ് ബോധവത്കരണം നടത്തിയാണ് കലക്ടർ ഡോ. അദീല അബ്ദുല്ല മടങ്ങിയത്. കോളനികളിലുള്ളവരെ കൂടി കോവിഡിന്റെ സാഹചര്യം പറഞ്ഞ് മനസ്സിലാക്കണമെന്ന് കളക്ടറോട് നെയ്ക്കുപ്പ ചങ്ങനമൂല കോളനിയിലെ മനുവാണ് ആഗ്രഹം അറിയിച്ചത്. ഇതോടെ സ്വന്തം വാഹനത്തിൽ മനുവിനെ കയറ്റി വീട്ടിലെത്തിക്കുകയും കോളനി സന്ദർശിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു. പെരിക്കല്ലൂരിൽനിന്ന് കർണാടകയിൽ പോയി മടങ്ങിയെത്തുന്നത് ശ്രദ്ധയിൽപെട്ടാൽ അവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.
Discussion about this post