കൊച്ചി: കെഎസ്ആര്‍ടിസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഇന്ന് വൈകുന്നേരത്തിനകം മുഴുവന്‍ എം പാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ച് വിടണമെന്ന അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ഹൈക്കോടതി. അതേസമയം ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാന്‍ അറിയുമെന്നും കോടതി അറിയിച്ചു. പരീക്ഷയെഴുതി ജയിച്ചവരോടുള്ള വെല്ലുവിളിയാണെന്ന് നിരീക്ഷിച്ച കോടതി താല്‍കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി സ്വീകരിക്കാനും തയ്യാറായില്ല. ഇന്ന് വൈകുന്നേരത്തിനകം കോര്‍പറേഷനില്‍ ഒരൊറ്റ എം പാനല്‍ കണ്ടക്ടര്‍മാര്‍ പോലും ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിരീക്ഷിച്ചു.
കെഎസ്ആര്‍ടിസിയിലെ 3861 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ ഇന്ന് പടിയിറങ്ങും. ഇവരെ പിരിച്ചുവിടാന്‍ ഉത്തരവ് തയ്യാറായിട്ടുണ്ട്. ഒരോ യൂണിറ്റ് മേധാവിക്കും ഒഴിവാക്കേണ്ടവരുടെ പട്ടിക ഇന്ന് രാവിലെ കൈമാറും. ജീവനക്കാര്‍ക്ക് പ്രത്യേകം ഉത്തരവ് നല്‍കും. പിഎസ്‌സി നിയമനോപദേശം നല്‍കിയ 4051 പേര്‍ക്ക് നിയമന ഉത്തരവും അയച്ച് തുടങ്ങും. ഇതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. രണ്ടു ദിവസത്തിനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിടാന്‍ ഹൈക്കോടതി വെള്ളിയാഴ്ച നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍ നടപടി.