ഈ മാസം കോവിഡ് ചികിത്സ മാത്രം: എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കണം;കോവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ സര്‍ക്കാര്‍ ആശുപത്രികള്‍ ഈ മാസം കോവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഈ മാസം 31 വരെ ആരോഗ്യരംഗത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക ലക്ഷ്യമിട്ട് കോവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കി. കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നല്‍കാനുള്ള നിര്‍ദേശമാണ് പുതിയ മാര്‍ഗരേഖയില്‍ ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കിയിട്ടുള്ളത്.

മെയ് 31 വരെ സര്‍ക്കാര്‍ മേഖല കൂടുതല്‍ കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. എല്ലാ ആശുപത്രികളിലെയും പനി ക്ലിനിക്കുകള്‍ കോവിഡ് ക്ലിനിക്കുകളാക്കും. കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സയും ഇവിടങ്ങളില്‍ ലഭ്യമാക്കണം.

ഇതുവഴി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താഴേ തട്ടിലേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുഴുവന്‍ ഗ്രാമീണപ്രദേശങ്ങളിലുമുള്ള പനി ക്ലിനിക്കുകള്‍ കോവിഡ് ക്ലിനിക്കുകളായി മാറുന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.

താലൂക്ക് ആശുപത്രികളില്‍ ഓക്സിജന്‍ ബെഡുകള്‍ ഒരുക്കാനും നിര്‍ദേശമുണ്ട്. സെമി വെന്റിലേറ്റര്‍ സൗകര്യമായ ബൈപാസ് സജ്ജീകരിക്കാന്‍ കഴിയുന്ന ആശുപത്രികളിലെല്ലാം അത്തരം സജ്ജീകരണങ്ങള്‍ ഒരുക്കണം. ഓക്സിജന്‍ ക്ഷാമം പരമാവധി കുറയ്ക്കാനാണ് ഇതുവഴി പദ്ധതിയിടുന്നത്. കിടപ്പുരോഗികള്‍ എവിടെയെങ്കിലും കോവിഡ് പോസിറ്റീവാകുകയാണെങ്കില്‍ അവിടേക്കു തന്നെ അത്യാവശ്യമുള്ള ഓക്സിജന്‍ അടക്കമുള്ള സാമഗ്രികള്‍ എത്തിക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ ആ പ്രദേശങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തണം.

ഇതരരോഗികള്‍ക്ക് പ്രാധാന്യത്തിനനുസരിച്ചു മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. മെയ് 15ഓടുകൂടി വലിയ തോതില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഇതിനുശേഷം കേസുകളില്‍ താഴ്ചയുണ്ടാകുമെന്നും കരുതുന്നു.

എന്നാലും 31 വരെ ഗുരുതരമായ സ്ഥിതിയിലൂടെയായിരിക്കും സംസ്ഥാനം കടന്നുപോകുക എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഗ്രാമപ്രദേശങ്ങളിലുള്‍പ്പെടെ ആളുകള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ കോവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കിയത്.

Exit mobile version