കാട്ടാക്കട: കോവിഡ് ബാധിച്ച് പതിനാറു ദിവസം ചികിത്സിൽ തുടരുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത വ്യക്തിയുടെ കുടുംബത്തിന് ലഭിച്ചത് നാലര ലക്ഷത്തോളം രൂപയുടെ ആശുപത്രി ബില്ല്. ബില്ലടയ്ക്കാത്തതിനാൽ മൃതദേഹം വിട്ടുനൽകാൻ സ്വകാര്യ ആശുപത്രി കൂട്ടാക്കിയതുമില്ല. പരാതിയെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇടപെട്ട് ബിൽ തുക ഒന്നരലക്ഷം രൂപയാക്കി കുറച്ചു. ഈ തുക അടച്ചതോടെയാണ് മൃതദേഹം വിട്ടുനൽകിയത്.
കാട്ടാക്കടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ മരിച്ച കരമന കൊല്ലവിളാകത്ത് വീട്ടിൽ എം ഷാജഹാന്റെ മൃതദേഹത്തോടാണ് അനാദരവ് ഉണ്ടായത്. വലിയ തുകയുടെ ബില്ലടയ്ക്കാത്തതിനാൽ മൃതദേഹം ആശുപത്രി അധികൃതർ പിടിച്ചുവച്ചതായി പരാതി ഉയരുകയായിരുന്നു.
എന്നാൽ, വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു ഷാജഹാനെന്നും ഓക്‌സിജൻ ഉൾപ്പെടെ നൽകിയുള്ള ചികിത്സയ്ക്ക് സർക്കാർ നിശ്ചയിച്ചതിലും കുറഞ്ഞ തുക മാത്രമേ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. കുറച്ചു തുകയേ കൈവശം ഉള്ളൂവെന്നും അടുത്ത ദിവസം അടയ്ക്കാമെന്നും പറഞ്ഞതിനാലാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഇക്കഴിഞ്ഞ 22നാണ് ഷാജഹാനും ഭാര്യയും മകനും ആശുപത്രിയിൽ ചികിത്സ തേടിയത്. രണ്ടുദിവസം കഴിഞ്ഞ് അസുഖം ഭേദമായ ഭാര്യയും മകനും ആശുപത്രി വിട്ടു. എന്നാൽ, രോഗം ഗുരുതരമായതിനെ തുടർന്ന് ഷാജഹാനെ ഐസിയുവിലേയ്ക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച പുലർച്ചെ മരിച്ചു.
ഷാജഹാന്റെ ആശുപത്രി ചെലവായി 4,45,808 രൂപയുടെ ബില്ലാണ് അധികൃതർ നൽകിയത്. ഇത്രയും വലിയ തുക നൽകാനുള്ള സാമ്പത്തികശേഷിയില്ലെന്നും കുറച്ചുതരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും പണം അടച്ചാൽ മാത്രമേ മൃതദേഹം വിട്ടുനൽകൂ എന്ന് ആശുപത്രി അധികൃതർ നിലപാടെടുത്തു. തുടർന്ന് ശനിയാഴ്ച പൊതുപ്രവർത്തകർ ഇടപെട്ട് സഹോദരൻ നിസാർ ഡിഎംഒയ്ക്കു പരാതി നൽകുകയായിരുന്നു.
Discussion about this post