തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ആരംഭിച്ചു. കൊവിഡ് കേസുകള്‍ ദിനംപ്രതി കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലീസ് പാസ് നിര്‍ബന്ധമായും വേണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ സത്യവാങ്മൂലം കൈയില്‍ കരുതണം. വിവാഹം, മരണാനന്തരച്ചടങ്ങുകള്‍, രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നിവയ്ക്കുമാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂവെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം, മരണാനന്തരച്ചടങ്ങുകള്‍, വിവാഹം എന്നിവയ്ക്ക് കാര്‍മികത്വംവഹിക്കേണ്ട പുരോഹിതന്മാര്‍ക്ക് നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ കൈവശമുണ്ടാകണം. ഹോട്ടലുകള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി 7.30 വരെ പാഴ്‌സല്‍ നല്‍കാം. ലോക്ഡൗണില്‍ സുരക്ഷ ഉറപ്പിക്കുന്നതിനും ക്രമീകരണങ്ങള്‍ക്കുമായി 25,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Discussion about this post