തിരുവനന്തപുരം: ലോക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യത്തിന് പുറത്ത് പോകേണ്ടവര്‍ പോലീസില്‍ നിന്നും പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തര്‍ജില്ലാ യാത്രകള്‍ പരമാവധി ഒഴിവാക്കുകയാണ് ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശവും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലം കയ്യില്‍ കരുതണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വിവാഹം, മരണാനന്തര ചടങ്ങുകള്‍, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകല്‍ ഇത്തരത്തിലുള്ള തികച്ചും ഒഴിച്ചു കൂടാനാകാത്ത കാര്യങ്ങള്‍ക്കു മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
18 മുതല്‍ 45 വയസുവരെയുള്ളവരില്‍ മറ്റ് രോഗമുള്ളവര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രോഗമുള്ളവരുടേയും ക്വാറന്റൈന്‍കാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ് തല സമിതിക്കാര്‍ക്കും മുന്‍ഗണന നല്‍കും. വാര്‍ഡ് തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും. കേരളത്തിന് പുറത്ത് നിന്നുംയാത്ര ചെയ്ത് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലെങ്കില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ലോക്ഡൗണ്‍ കാലത്ത് തട്ടുകടകള്‍ തുറക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
അന്തര്‍ജില്ലാ യാത്രകള്‍ ഒഴിവാക്കണം. ഒഴിവാക്കാന്‍ കഴിയാത്തവര്‍ പേരും മറ്റു വിവരവും എഴുതിയ സത്യവാങ്മൂലം കൈയ്യില്‍ കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, അടുത്ത രോഗിയെ കാണല്‍ എന്നിവയ്‌ക്കേ സത്യവാങ്മൂലത്തോടെ യാത്രചെയ്യാന്‍ അനുവാദമുള്ളൂ. ഹാര്‍ബറില്‍ ലേല നടപടി ഒഴിവാക്കേണ്ടതാണ്.
ബാങ്കുകള്‍ ഒന്നിടവിട്ട ദിവസം പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. അതിഥി തൊഴിലാളികള്‍ക്ക് നിര്‍മ്മാണ സ്ഥലത്ത് തന്നെ ഭക്ഷണവും താമസവും കരാറുകാരന്‍ നല്‍കണം. ചിട്ടിപ്പണം പിരിക്കാനും മറ്റും ധനകാര്യസ്ഥാപന പ്രതിനിധികള്‍ ഗൃഹസന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: നാളെ മുതല്‍ സംസ്ഥാനം സമ്പൂര്‍ണ്ണ അടച്ചിടലിലേക്ക് നീങ്ങുകയാണ്. നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പാക്കും. ഇന്ന് 38,460 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,44,345 പരിശോധനകള്‍ നടന്നു. 54 പേര്‍ മരണമടഞ്ഞു. ഇപ്പോള്‍ ചികിത്സയിലുള്ളത് 4,02,650 പേരാണ്. സര്‍ക്കാര്‍ സംവിധാനങ്ങളാകെ കോവിഡ് പ്രതിരോധത്തില്‍ മുഴുകുകയാണ്. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ വിവിധ വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും സംസ്ഥാനത്താകെയുള്ള സ്ഥിതി റിപ്പോര്‍ട്ട് ചെയ്തു. ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുകയാണ്.
കോവിഡ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും. കിറ്റുകള്‍ അടുത്ത ആഴ്ച കൊടുത്ത തുടങ്ങും. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും.
18-45 വയസ്സ് പരിധയിലുള്ളവര്‍ക്ക് പൂര്‍ണമായും ഒറ്റയടിക്ക് വാക്സിന്‍ നല്‍കാന്‍ നമുക്ക് കഴിയില്ല. മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. രോഗം ഉള്ളവരുടെയും ക്വറന്റൈന്‍കാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ്തല സമിതിക്കാര്‍ക്കും മുന്‍ഗണന നല്‍കും. വാര്‍ഡ്തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും.
ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പോലീസ് പാസ് നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ മതിയാക്കാതെ വരുമ്പോള്‍ വിദ്യാര്‍ഥികളെയു മറ്റും പരിശീലനം നല്‍കി അവരുടെ സന്നദ്ധ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തും. മറ്റ് സംസ്ഥാന യാത്ര ചെയ്തു വരുന്നവര്‍ കോവിസ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. അല്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.
തട്ടുകടകള്‍ ലോക്ക് ഡൗണ്‍ കാലത്ത് തുറക്കരുത്. വാഹന റിപ്പയര്‍ വര്‍ക്ക്ഷോപ്പ് ആഴ്ച്ച അവസാനം 2 ദിവസം തുറക്കാം. ഹാര്‍ബര്‍ ലേലം ഒഴിവാക്കും. ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് ഒന്നിടവിട്ട ദിവസമാക്കാം തിങ്കള്‍ ബുധന്‍ വെള്ളി (നിര്‍ദേശം). പള്‍സ് ഓക്സിമീറ്ററുകള്‍ക്ക് വലിയ ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ഓക്സിജന്‍ കാര്യത്തില്‍ ഓരോ മണിക്കൂറിലും വിവരം ലഭ്യമാക്കാന്‍ വാര്‍ റും ഉണ്ടാകും. ഇന്നത്തെ സ്ഥിതിയില്‍ വീട്ടിനകത്ത് രോഗപ്പകര്‍ച്ച ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. വെളിയില്‍ പോയി വരുന്നവരില്‍ നിന്നും അയല്‍പക്കക്കാരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. വീടിനുള്ളില്‍ പൊതു ഇടങ്ങള്‍ കുറക്കണം. ഭക്ഷണം കഴിക്കല്‍ ടിവി കാണല്‍ പ്രാര്‍ത്ഥന എന്നിവ ഒറ്റക്കോ പ്രത്യേക മുറിയിലോ ആവുന്നത് നല്ലത്.
അയല്‍ വീട്ടുകാരുമായി ഇടപെടുമ്പോള്‍ ഡബിള്‍ മാസ്‌ക് നിര്‍ബന്ധം. അവരില്‍നിന്ന് എന്തെങ്കിലും സ്വീകരിച്ചാല്‍ കൈകഴുകണം. പുറത്ത് പോയി വരുന്ന മുതിര്‍ന്നവര്‍ കുട്ടികളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം. വീട്ടില്‍ വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനലുകള്‍ തുറന്നിടണം. ഭക്ഷണം കഴിച്ചശേഷം പാത്രം സോപ്പിട്ട് കഴുകണം.
രാജ്യത്താകെ കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. നാലു ലക്ഷത്തില്‍പരം കേസുകളും നാലായിരത്തോളം മരണങ്ങളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ച് ഉണ്ടായിരുന്ന എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യാപനം. ദേശീയതല വിദഗ്ധ സമിതികള്‍ ഉള്‍പ്പെടെ വിലയിരു
ത്തിയത് പരമാവധി രണ്ടര ലക്ഷത്തോളം കേസുകളാണ് കോവിഡ്-19 ഉച്ചസ്ഥായിയില്‍ എത്തുമ്പോള്‍ ഉണ്ടാവുക എന്നായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ 4 ലക്ഷവും കടന്നു മുന്നോട്ടുപോവുകയാണ്. ഈ ഒരു പശ്ചാത്തലം കൂടി കണക്കിലെടുത്താണ് കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വാരാന്ത്യങ്ങളിലെ നിയന്ത്രണങ്ങളും രാത്രികാല നിയന്ത്രണവും കഴിഞ്ഞ കുറച്ചു നാളുകളായി നാം നടപ്പിലാക്കി വരുന്നുണ്ട്. ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇവ രണ്ടും കണക്കിലെടുക്കുമ്പോള്‍ ഏറ്റവും പ്രധാനം ജീവനുകള്‍ സംരക്ഷിക്കുക എന്നതാണ്. അതാണ് പ്രാഥമികമായ ഉത്തരവാദിത്വം. രോഗം കൂടുതലായി വ്യാപിക്കുമ്പോള്‍ മരണ സംഖ്യയും അതിനു ആനുപാതികമായി ഉയരും. രോഗികളുടെ എണ്ണം നമ്മുടെ നാട്ടിലെ ആരോഗ്യസംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിലുമധികം ആയാല്‍ വലിയ വിപത്താകും സംഭവിക്കുക. അത്തരമൊരു സാഹചര്യം ഉരുത്തിരിയുന്നത് ഒഴിവാക്കാന്‍ ആണ് ലോക്ഡൗണിലൂടെ ശ്രമിക്കുന്നത്.
കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രത കണക്കിലെടുക്കുമ്പോള്‍ ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ ലോക്ഡൗണ്‍ പോലെ ഫലപ്രദമായ മറ്റൊരു നടപടിയില്ല. വയോജനങ്ങളുടേയും ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവരുടേയും ജനസംഖ്യാപരമായ ഉയര്‍ന്ന അനുപാതവും കേരളത്തില്‍ വളരെ കൂടുതലാണ്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ രോഗവ്യാപനം മറ്റെവിടത്തേക്കാളും ശക്തമാകാനും മരണം വിതയ്ക്കാനും സാധ്യത കേരളത്തിലുണ്ട്.
മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുള്ളതിനാല്‍ മറ്റു പലയിടത്തേക്കാള്‍ കുറഞ്ഞ മരണനിരക്ക് നമുക്ക് നിലനിര്‍ത്താന്‍ സാധിച്ചേക്കാം. മരണനിരക്ക് എത്ര കുറഞ്ഞാലും രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ മരണ സംഖ്യയും ഉയരും. അങ്ങനെ കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കിയേ മതിയാകൂ.
Discussion about this post