പാലക്കാട്: അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ അറസ്റ്റിലായത്. പാലക്കാട് റെസ്റ്റ് ഹൗസില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.
രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പമ്പ പോലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പ നിലക്കല്‍ എന്നിവിടങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് രാഹുല്‍ ഈശ്വറിനെ ആദ്യം അറസ്റ്റ് ചെയ്തത്.
ജാമ്യം കിട്ടാതെ കേരളത്തിലേക്ക് ഇല്ലെന്ന് രാഹുല്‍ ഈശ്വര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വിശദമാക്കിയിരുന്നു. അതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളൂരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ കഴിയുമെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ അറിയിച്ചത്.
നേരത്തെ കലാപത്തിന് ആഹ്വാനം നല്‍കിയതിന് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം പോലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി പ്രമോദ് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. രാഹുലിന്റെ വിവാദ പരാമര്‍ശം. രക്തം ചിന്തിപ്പോലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരു പ്ലാന്‍ ബി ഉണ്ടായിരുന്നു എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം. എന്നാല്‍ സ്റ്റേഷനിലെത്തി ഒപ്പിടാന്‍ ഏതാനും മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്നാണ് പോലീസുകാരുടെ റിപ്പോര്‍ട്ട് എന്ന് രാഹുല്‍ പറഞ്ഞു. പോലീസ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
Discussion about this post