സീതത്തോട്: രണ്ട് തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച വിവാഹത്തിന് ഒടുവിൽ പന്തലുയർന്നപ്പോൾ തേടിയെത്തിയത് ലോക്ക്ഡൗൺ തീയതി പ്രഖ്യാപിച്ചെന്ന വാർത്ത. പിന്നെ ഒട്ടും വൈകിയില്ല അന്നുവൈകുന്നേരം തന്നെ താലി ചാർത്തി വിവാഹം കഴിച്ച് വരനും വധുവും ഒന്നായി. വിവഹനിശ്ചയദിനത്തിൽ കുമ്പനാട് സ്വദേശി ജോയലും സീതത്തോട് സ്വദേശി ഡെല്ലയുനാണ് വിവാഹിതരായത്.
വിവാഹം അപ്രതീക്ഷിതമായിരുന്നെങ്കിലും ചടങ്ങുകളെല്ലാം മംഗളകരമായി തന്നെ നടന്നു. ഇന്നലെ രാവിലെയായിരുന്നു ജോയലിന്റെയും ഡെല്ലയുടെയും വിവാഹ നിശ്ചയം. നാളെ വിവാഹം നടത്താനാണ് നിശ്ചയിച്ചത്. നിശ്ചയ ചടങ്ങുകൾ കഴിഞ്ഞതിനു പിന്നാലെ കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച വാർത്തയെത്തി.
ഇതോടെ നാളെ മുതൽ ലോക്ഡൗൺ വിവാഹനിശ്ചയം നടന്ന ഇന്നലെ തന്നെ വിവാഹം നടത്താമെന്ന് ഇരുവീട്ടുകാരും തീരുമാനിക്കുകയായിരുന്നു. പിന്നീട് കാര്യങ്ങളെല്ലാം വിചാരിച്ച വേഗതയിൽ പൂർത്തിയയാതോടെ ഇന്നലെ വൈകുന്നേരം 5.50ന് കുമ്പനാട് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വിവാഹവേദി ഒരുങ്ങി. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് കാർമികനായി.
കുമ്പനാട് കല്ലേത്ത് ജേക്കബ് ഏബ്രഹാം-സിസിലി ജേക്കബ് ദമ്പതികളുടെ മകനാണ് വരൻ ജോയൽ ഏബ്രഹാം. സീതത്തോട് കാരംവേലിമണ്ണിൽ ദാനിയേൽ വർഗീസ്-ജോളി ദമ്പതികളുടെ മകളാണ് വധു ഡെല്ലാ കെ ദാനിയേൽ. ഇന്നലെ രാവിലെ 11നു സീതത്തോട് കൊച്ചുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മാ പള്ളിയിലായിരുന്നു വിവാഹ നിശ്ചയം. നിശ്ചയത്തെ തുടർന്നുള്ള ഭക്ഷണം കഴിക്കുന്നതിനുള്ള തയാറെടുപ്പിനിടെയാണ് ലോക്ഡൗൺ പ്രഖ്യാപനം. ഇതോടെ കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് മുൻപ് 2 തവണ കല്യാണം മാറ്റിവച്ചിരുന്നതിനാൽ തന്നെ ഇനിയും വിവാഹം മാറ്റിവെയ്ക്കേണ്ടെന്ന് ഇരുവീട്ടുകാരും തീരുമാനിക്കുകയായിരുന്നു.
വൈകിട്ടു തന്നെ വിവാഹം നടത്താൻ തീരുമാനിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. രാവിലെ നിശ്ചയത്തിനു ഭക്ഷണം തയാറാക്കിയ സീതത്തോട് മാളിയേക്കൽ കേറ്ററിങ് സർവീസാണ് വിവാഹത്തിനും ഭക്ഷണം ഒരുക്കിയത്.
കാനഡയിലാണ് വരൻ ജോയൽ. സോഫ്റ്റ്വെയർ എൻജിനീയറാണ് ഡെല്ല. വിവാഹത്തിനുള്ള മറ്റ് ഒരുക്കങ്ങൾ പൂർത്തിയായിരുന്നതിനാൽ തടസ്സങ്ങൾ ഒന്നും ഇല്ലാതെ വിവാഹം മംഗളമായി ആശീർവദിക്കാൻ കാർമികർക്കുമായി.
Discussion about this post