ലാബുകള്‍ക്ക് തിരിച്ചടി, ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപ തന്നെ; സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ലെന്ന് കോടതി

Lab plea | Bignewslive

കൊച്ചി: കോവിഡ് വൈറസ് ബാധ കണ്ടെത്താനുള്ള ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിയില്‍ സ്‌റ്റേ ഇല്ല. സ്വകാര്യ ലാബുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. നിരക്ക് 500 രൂപയായി തുടരുമെന്ന് കോടതി ലാബുകളുടെ ഹര്‍ജി തള്ളിക്കൊണ്ട് വ്യക്തമാക്കി. പരിശോധനയ്ക്ക് 135 രൂപ മുതല്‍ 245 രൂപവരെയെ ചെലവ് വരികയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു.

സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ദേവി സ്‌കാന്‍സ് പ്രൈവറ്റ് ലിമിറ്റിഡ് ഉള്‍പ്പെടെ പത്തു സ്വകാര്യ ലാബുകളാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇറക്കുമതിചെയ്ത പരിശോധനാകിറ്റ് ഉപയോഗിച്ച് 4500 രൂപ നിരക്കില്‍ പരിശോധന നടത്താന്‍ സുപ്രീംകോടതി നേരത്തേ സ്വകാര്യ ലാബുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ഉത്തരവിറക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമില്ലെന്നുമായിരുന്നു ലാബുകള്‍ ഹര്‍ജിയില്‍ വാദിച്ചത്.

ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഇത് ആറാം തവണയാണ് കോവിഡ് പരിശോധനാനിരക്ക് കുറച്ചത്. കോവിഡ് കാലത്തിന്റെ തുടക്കത്തില്‍ ആര്‍.ടി.-പി.സി.ആര്‍. പരിശോധനയ്ക്ക് ഈടാക്കിയിരുന്ന നിരക്ക് 4500 രൂപ മുതല്‍ 5,000 രൂപ വരെയായിരുന്നു. പരിശോധനാ കിറ്റിന്റെ നിരക്ക് ഏറെ കുറയുകയും അവ ആവശ്യാനുസരണം ലഭ്യമാകുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിരക്ക് കുറച്ചത്.

Exit mobile version