ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒടിയൻ ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ആലപ്പുഴ സൗത്ത് പോലീസാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പാണ് തങ്ങളിൽ നിന്നും ഒരു കോടിയോളം വാങ്ങി ശ്രീകുമാർ മേനോൻ പറ്റിച്ചെന്ന പരാതി നൽകിയിരിക്കുന്നത്. സിനിമ നിർമിക്കാനായി ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
സിനിമ നിർമിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപയാണ് ശ്രീകുമാർ മേനോൻ ഈ വ്യവസായ ഗ്രൂപ്പിൽ നിന്ന് വാങ്ങിയത്. പിന്നീട് സിനിമ നിർമിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് ശ്രീകുമാർ മേനോനിൽ നിന്ന് ഉണ്ടായില്ല. പല തവണ ബന്ധപ്പെട്ടിട്ടും കൃത്യമായി വിവരം നൽകാൻ ശ്രീകുമാർ മേനോൻ തയ്യാറായതുമില്ലെന്നും പരാതിയിൽ പറയുന്നു. ഇതോടെയാണ് ശ്രീവത്സം ഗ്രൂപ്പ് പോലീസിൽ പരാതി നൽകിയത്.
ഈ കേസിൽ ശ്രീകുമാർ മേനോൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ കോടതി ഈ അപേക്ഷ തള്ളി. ഇതേത്തുടർന്നാണ് അറസ്റ്റുണ്ടായത്. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലാണ് ശ്രീകുമാർ മേനോനുള്ളത്. പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ രാത്രി പാലക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അറസ്റ്റ് നടന്നത്.
ആലപ്പുഴ ഡിവൈഎസ്പി പൃഥ്വിരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. നേരത്തേ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ, രണ്ടാമൂഴം എന്ന തൻറെ നോവലിന്റെ തിരക്കഥ ശ്രീകുമാർ മേനോൻ സിനിമയാക്കുന്നത് തടയണമെന്നും, തിരക്കഥ തിരിച്ചുതരണമെന്നും കാണിച്ച് കോടതിയെ സമീപിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും തിരക്കഥ സിനിമയാകുന്നില്ലെന്ന് കാണിച്ചാണ് എംടി നിയമയുദ്ധത്തിനൊരുങ്ങിയത്. ഒടുവിൽ, ഒത്തുതീർപ്പ് വ്യവസ്ഥയിലാണ് ആ കേസ് അവസാനിച്ചത്.
നേരത്തെ, നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ 2019 ഡിസംബർ 5ന് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്നതുൾപ്പെടെയുളള മഞ്ജുവിന്റെ പരാതിയിലെ കാര്യങ്ങളിൽ വസ്തുതയുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
Discussion about this post