തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കുമെന്ന് മാധ്യമറിപ്പോർട്ട്. ഇന്ന് നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വൈകിട്ട് അഞ്ചിന് എകെജി സെന്ററിൽ നടന്ന ചർച്ചയിൽ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
സത്യപ്രതിജ്ഞ സംബന്ധിച്ച കാര്യത്തിലാണ് ചർച്ച നടന്നത്. 17 ന് എൽഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരുടെ കാര്യത്തിൽ ആ യോഗത്തിലാവും തീരുമാനം ഉണ്ടാവുക. ഘടകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിലും ഇന്ന് ചർച്ച നടന്നു. എന്നാൽ അന്തിമ തീരുമാനം ആയില്ല. ഇക്കാര്യത്തിൽ സിപിഐ നിലപാട് അറിയിച്ചിട്ടുണ്ട്. ഈ മാസം 17 ന് ചേരുന്ന എൽഡിഎഫ് യോഗത്തിലാവും മന്ത്രിമാരുടെ കാര്യത്തിലും എണ്ണത്തിന്റെ കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടാവുക.
ഒരു എംഎൽഎ മാത്രമുള്ള ഘടകക്ഷികളുടെ മന്ത്രിസ്ഥാനം സംബന്ധിച്ചാണ് ഇനി തീരുമാനം എടുക്കാനുള്ളത്. അതുസംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. ഐഎൻഎല്ലും കോവൂർ കുഞ്ഞുമോനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്തുനൽകിയിരുന്നു.
സിപിഎമ്മും സിപിഐയും വിഷയത്തിൽ ഇനി ഒരുവട്ടംകൂടി ചർച്ച നടത്തും. അതിനുശേഷം കേരള കോൺഗ്രസ് അടക്കമുള്ള പാർട്ടികളുമായി ചർച്ച നടത്തി തീരുമാനത്തിലേക്ക് എത്തും.
Discussion about this post