ഷൊര്‍ണൂര്‍: കൊവിഡിന്റെ രണ്ടാംതരംഗം രാജ്യമെങ്ങും പിടിമുറുക്കുമ്പോള്‍ ഒപ്പം നിറയുന്നത് വ്യാജവാര്‍ത്തകളും വീഡിയോകളും. ഇപ്പോള്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിക്കുന്നതിന്റെ വീഡിയോ എടുത്ത് ഇത് ഉത്തരേന്ത്യയല്ല, കേരളമാണെന്ന് പറഞ്ഞുകൊണ്ട് പങ്കുവെച്ച വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ഭാരതപ്പുഴയുടെ തീരത്ത് ഷൊര്‍ണൂരില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിതീരം ശ്മശാനത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിക്കുന്നെന്നു കാണിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ തെറ്റാണെന്നു ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ശ്മശാനത്തില്‍ സംസ്കാര ചടങ്ങിനെത്തിയ യുവാവാണു വീഡിയോ എടുത്ത് തെറ്റായ സന്ദേശനത്തോടെ സോഷ്യല്‍മീഡിയയില്‍ പങ്കിട്ടത്. ഇനിയും കാര്യത്തിന്റെ ഗൗരവം മനസിലാക്കാത്തവരുടെ കണ്ണു തുറക്കാന്‍ സഹായിക്കുന്ന വീഡിയോ എന്ന പേരില്‍ ധാരാളം പേരാണു സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നത്. അതേസമയം, ഈ മഹാമാരിക്കെതിരെ പോരാടുമ്പോള്‍ ഇത്തരത്തിലുള്ള വീഡിയോ പങ്കുവെച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തരുതെന്നും അധികൃതര്‍ നിര്‍ദേശം മുന്പോട്ട് വെയ്ക്കുന്നുണ്ട്.
Discussion about this post