മലപ്പുറം: താന്‍ യുഡിഎഫിനെ തള്ളിപറഞ്ഞിട്ടില്ലെന്ന് തവനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചതിലടക്കം ഫിറോസ് ക്ഷമ ചോദിക്കുന്നുണ്ട്.
താന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖം അവര്‍ക്ക് താത്പര്യമുള്ള രീതിയില്‍ പ്രചരിപ്പിക്കുകയാണ്. കേരളത്തിലെ എല്‍ ഡി എഫ് വിജയം കിറ്റും പെന്‍ഷനും നല്‍കിയത് കൊണ്ടാണ് എന്നാണ് രാഷ്ട്രീയത്തില്‍ വലിയ പരിചയം ഇല്ലാത്ത ഒരാള്‍ എന്ന നിലക്ക് ഞാന്‍ വിലയിരുത്തിയത്. തവനൂരിലെ ജനങ്ങള്‍ക്ക് ഞാന്‍ നല്‍കിയ ഒരു വാക്കുണ്ട്. വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളില്‍ ഒരാളായി ഞാന്‍ ഉണ്ടാകുമെന്നും ഫിറോസ് പറഞ്ഞു.
എന്റെ അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കക്കാരന്‍ എന്ന നിലയിലും ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂവിന്റെ പേരില്‍ വലിയ രൂപത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ വിഷമത്തില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. ഫിറോസ് കുന്നംപറമ്പില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫിറോസ് യുഡിഎഫിനെ തള്ളിപ്പറയുകയും എല്‍ഡിഎഫിന്റേയും മുഖ്യമന്ത്രിയുടേയും ഭരണപാടവങ്ങളേയും പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു.
‘വിശക്കുന്നവന് ഭക്ഷണമാണ് വേണ്ടത്. അല്ലാതെ വാഗ്ദാനങ്ങളല്ല. കൊറോണ കാലത്ത് മുഖ്യമന്ത്രി നല്‍കിയ ഭക്ഷ്യകിറ്റും പെന്‍ഷനും വിലകുറച്ച് കാണാനാവില്ല. എല്‍ഡിഎഫ് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി. യുഡിഎഫിലാണെങ്കില്‍ അഞ്ചും പത്തും തവണ മന്ത്രിയായവര്‍ വീണ്ടും സ്ഥാനത്തിന് വേണ്ടി കടിപിടി കൂടുന്നത് കാണാമായിരുന്നു’ എന്നതടക്കമുള്ള കാര്യങ്ങളാണ് ഫിറോസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഫിറോസിനെതിരെ രോഷം കടുത്തത്.