പാല: 71 കാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ജന്മം നല്കിയ കുഞ്ഞ് മരിച്ചു. ജനിച്ച് 45-ാം ദിവസമാണ് കുഞ്ഞ് മരിച്ചത്. പാല് തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പാല് തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട.അധ്യാപിക സുധര്‍മ മാര്‍ച്ച് 18നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 71-ാം വയസ്സിലായിരുന്നു സുധര്‍മ കുഞ്ഞിന് ജന്മം നല്‍കിയത്. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിനു തൂക്കവും പ്രതിരോധ ശേഷിയും കുറവായിരുന്നു. ഇതേതുടര്‍ന്ന് 40 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.
കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പട്ടതോടെയാണ് കഴിഞ്ഞ 28ന് രാമപുരത്തെ വീട്ടില്‍ കൊണ്ടുപോയത്. തുടര്‍ന്ന് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട കുഞ്ഞ് വീട്ടില്‍ കഴിഞ്ഞ് വരുന്നതിനിടയിലാണ് പാല് തൊണ്ടയില്‍ കുടുങ്ങി അപകടം ഉണ്ടായത്.
ഒന്നര വര്‍ഷം മുന്‍പ് മകന് സുജിത് സൗദിയില്‍ മരിച്ചതോടെയാണ് ഒരു കുഞ്ഞു കൂടി വേണമെന്ന് സുധര്‍മയും ഭര്‍ത്താവ് റിട്ട. പോലീസ് ടെലി കമ്യൂണിക്കേഷന്‍ ഓഫിസര്‍ സുരേന്ദ്രനും ആഗ്രഹിച്ചത്. തുടര്‍ന്നാണ് കൃത്രിമ ഗര്‍ഭ ധാരണത്തിലൂടെ കുഞ്ഞിന് ജന്മം നല്കാന് ഇരുവരും തീരുമാനിച്ചത്.
Discussion about this post