തവനൂർ: തവനൂരിൽ കെടി ജലീലിന് എതിരെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന് ഉണ്ടായ തോൽവിക്ക് പിന്നാലെ കടുത്ത വിമർശനവുമായി കോൺഗ്രസ്. തോൽവിക്ക് പിന്നാലെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് വാല് മുറിച്ച് ഓടുന്ന പല്ലിയാകരുത് ഫിറോസെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും തവനൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയുമായ ഇപി രാജീവ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ യുഡിഎഫിനെ വിമർശിച്ച് ഫിറോസ് രംഗത്തെത്തിയിരുന്നു. തന്റെ വ്യക്തിപ്രഭാവമാണ് ഇത്രയേറെ വോട്ട് പിടിച്ചതെന്ന രീതിയിൽ ഫിറോസ് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതാണ് യൂത്ത് കോൺഗ്രസ് ഉൾപ്പടെയുള്ളവരെ ചൊടിപ്പിച്ചിരിക്കുന്നത്.
തവനൂരിലെ കോൺഗ്രസിൽ നിന്നും ഒരാൾ പോലും ആവശ്യപ്പെടാതെ യുഡിഎഫിന്റെ സംസ്ഥാന നേതൃത്വം അടിച്ചേൽപ്പിച്ച സ്ഥാനാർത്ഥിയാണ് ഫിറോസെന്നും ചാരിറ്റി പ്രവർത്തകൻ എന്നതിൽ കവിഞ്ഞ് വ്യക്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലവും ഫിറോസിനില്ലെന്നും ഇപി രാജീവ് പറഞ്ഞു. യുഡിഎഫിൽ അനൈക്യമുണ്ടെന്ന ഫിറോസിന്റെ പ്രസ്താവനകൾ തീർത്തും ബാലിശവും ദൗർഭാഗ്യകരവുമാണെന്നും അദ്ദേഹം പറഞ്ഞു.
‘ശത്രുക്കളിൽ നിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാലു മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ് കുന്നംപറമ്പിൽ മാറരുത്. യുഡിഎഫ് പ്രവർത്തകർ ഏറെ നിരാശരായ സന്ദർഭമാണിപ്പോൾ. ഫിറോസ് ഇന്ന് ചില മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനകൾ തീർത്തും ബാലിശവും ദൗർഭാഗ്യകരവുമാണ്. തവനൂരിലെ കോൺഗ്രസിൽ നിന്നും ഒരാൾ പോലും ആവശ്യപ്പെടാതെ യുഡിഎഫിന്റെ സംസ്ഥാന നേതൃത്വം അടിച്ചേൽപ്പിച്ച സ്ഥാനാർത്ഥിയാണ് ഫിറോസ്. ചാരിറ്റി പ്രവർത്തകൻ എന്നതിൽ കവിഞ്ഞ് വ്യക്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലവും അദ്ദേഹത്തിനില്ല. എന്നിട്ടു പോലും അദ്ദേഹം തവനൂരിൽ വന്നിറങ്ങിയത് മുതൽ കോൺഗ്രസും ലീഗും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. യുഡിഎഫിൽ അനൈക്യം എന്ന് ഫിറോസ് പറഞ്ഞത് തീർത്തും തെറ്റായ വസ്തുതയാണ്. സജീവമായി പ്രവത്തിച്ച ഒരാളെന്ന നിലക്ക് എനിക്ക് ആധികാരികമായിത്തന്നെ അത് പറയാൻ കഴിയും.’- രാജീവ് പ്രതികരിച്ചു.
ഫിറോസെന്ന വ്യക്തിക്കാണ് ജനങ്ങൾ വോട്ട് നൽകിയത് എന്ന രൂപത്തിൽ അദ്ദേഹം സംസാരിച്ചു. ഫിറോസ് എന്ന വ്യക്തിയെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്കല്ലാതെ എത്ര പേർക്ക് അറിയാമെന്ന് ഫിറോസ് ചിന്തിക്കണം. രാജാവിനു ചുറ്റുമിരുന്ന് മംഗള ഗാനം പാടുന്ന കൊട്ടാരം വിദൂഷകരുടെ പിടിയിൽ നിന്ന് മോചിതനായിക്കൊണ്ട് ഫിറോസ് യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ പഠിക്കണം. പലതിൽ നിന്നും രക്ഷ നേടാൻ ഫിറോസിനു വേണ്ടി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഈ കൊറോണക്കാലത്തും തവനൂരിലെ ഓരോ വീട്ടിലും കയറിയിറങ്ങി വോട്ടഭ്യർത്ഥിച്ച, പോസ്റ്ററൊട്ടിച്ച, പണം ചെലവഴിച്ച യുഡിഎഫ് പ്രവർത്തകരെ ഒറ്റു കൊടുക്കരുത്,’ ഇപി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ.
ശത്രുക്കളിൽ നിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാലു മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ് കുന്നംപറമ്പിൽ മാറരുത്.
യു. ഡി. എഫ് …
Posted by EP Rajeev on Tuesday, May 4, 2021
തവനൂരിൽ യുഡിഎഫ് ഒരു മുന്നൊരുക്കവും നടത്തിയില്ലെന്നും ഫിറോസ് എന്ന വ്യക്തിക്കാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നുമായിരുന്നു ഫിറോസിന്റെ വിശദീകരണം. വിശക്കുന്നവന് ഭക്ഷണം കൊടുത്തതുകൊണ്ടാണ് കേരളത്തിൽ ഇടത് തരംഗമുണ്ടായതെന്നും മുഖ്യമന്ത്രിയുടെ ചിട്ടയായ ഭരണ മികവ് നമ്മൾ കണ്ടതാണെന്ന് ഫിറോസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനുമായി യൂത്ത് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്.
Discussion about this post