ശ്മശാനമൂകമായി ഇന്ദിരാഭവന്‍: പുറത്തിറങ്ങാതെ നിശബ്ദനായി മുല്ലപ്പളളി; ഗേറ്റ് അകത്ത് നിന്ന് പൂട്ടി, സന്ദര്‍ശകര്‍ക്ക് വിലക്കും; കെപിസിസി ആസ്ഥാനം പൂട്ടയിടുന്നത് ആദ്യം

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും കനത്ത തോല്‍വി ഏറ്റുവാങ്ങി നാണക്കേടിലാണ് കോണ്‍ഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും ആളും ആരവവുമില്ലാതെ പൂട്ടിക്കിടക്കുയാണ് ഇന്ദിരാഭവന്‍.

കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ രാവിലെ എത്തിയെങ്കിലും ഗേറ്റുകള്‍ അടച്ച് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അദ്ധ്യക്ഷന്റെ മുറിയില്‍ നിന്ന് അദ്ദേഹം പുറത്തിറങ്ങിയിട്ടില്ല. അതിനിടെ കെപിസിസി ഓഫീസിലെത്തിയ കെ മുരളീധരന്‍ മുല്ലപ്പളളിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മടങ്ങി.

കെപിസിസി ആസ്ഥാനം തുടര്‍ച്ചയായ ദിവസങ്ങളില്‍ പൂട്ടി ഇടുന്നത് ഒരുപക്ഷെ സമീപകാല ചരിത്രത്തിലാദ്യമായിരിക്കാം. ഇന്ന് കെപിസിസി അധ്യക്ഷന്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ട അര മണിക്കൂറോളം മാത്രമാണ് ഗേറ്റ് തുറന്നിട്ടത്. മാധ്യമപ്രവര്‍ത്തകര്‍ മടങ്ങിയതിന് പിന്നാലെ വീണ്ടും ഗേറ്റിന് താഴ് വീണു.

മുന്‍കാലങ്ങളിലും തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്ദിരാഭവന്‍ ശ്മശാനമൂകമാകാറുണ്ടെങ്കിലും പൂട്ടിയിടുന്നത് ഇതാദ്യം. ഓഫീസ് ജീവനക്കാരും ചുരുക്കം പാര്‍ട്ടി പ്രവര്‍ത്തകരും ഓഫീസിനുള്ളില്‍ ഉണ്ടെങ്കിലും ഗേറ്റ് അകത്ത് നിന്നും പൂട്ടിയിരിക്കുകയാണ്.

നേതൃമാറ്റത്തിനായുളള മുറവിളിക്കിടെയും സ്വയം മാറില്ലെന്നാണ് മുല്ലപ്പളളിയുടെ നിലപാട്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മുല്ലപ്പളളി, ഹൈക്കമാന്‍ഡിന് തീരുമാനമെടുക്കാമെന്ന നിലപാടിലാണ്. പാര്‍ട്ടി തകര്‍ന്നടിഞ്ഞിട്ടും മാറ്റത്തിനായി കൂട്ടക്കലാപം ഉയരുമ്പോഴും കുലുക്കമില്ലെന്ന നിലപാടിലാണ് മുല്ലപ്പളളി കെപിസിസി ആസ്ഥാനത്ത് തുടരുന്നത് എന്ന് ആക്ഷേപം ഉയരുന്നുണ്ട്. മുല്ലപ്പളളിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈബി ഈഡന്‍ എംപി രംഗത്തെത്തിയിരുന്നു. ഇങ്ങനെ ഉറങ്ങുന്ന ഒരു കെപിസിസി പ്രസിഡന്റിനെ പാര്‍ട്ടിക്ക് ആവശ്യമുണ്ടോ എന്ന് ഹൈബി ഈഡന്‍ ചോദിച്ചിരുന്നു.

അതേസമയം, കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ ഹൈക്കമാന്‍ഡിനെ രാജിസന്നദ്ധത അറിയിച്ചെന്ന സൂചനകള്‍ കെപിസിസി അദ്ധ്യക്ഷന്‍ തളളുന്നുണ്ട്. പോരാട്ടത്തില്‍ തോറ്റിട്ട് സ്വയം ഇട്ടെറിഞ്ഞ് പോകാനില്ലെന്ന് പറഞ്ഞ്, പന്ത് ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലേക്ക് ഇട്ടിരിക്കുകയാണ് അദ്ദേഹം.

അസമിലെ തോല്‍വിക്ക് പിന്നാലെ അവിടുത്തെ പിസിസി അദ്ധ്യക്ഷന്‍ സ്വയം രാജിവെച്ചാണൊഴിഞ്ഞത്. അതേ മാതൃക മുല്ലപ്പളളിയും പിന്തുടരുമെന്നായിരുന്നു എ ഐസിസി പ്രതീക്ഷ. മുല്ലപ്പളളിയെ മാറ്റണമെന്ന് എ ഗ്രൂപ്പ് പരസ്യമായി ആവശ്യപ്പെടും.

അതേസമയം, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നേതൃത്വത്തിനുള്ളില്‍ നിന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും വികാരമുണ്ടായതോടെയാണ് ഇന്ദിരാഭവന്റെ ഗേറ്റ് അടയ്ക്കപ്പെട്ടത്. ഇത് പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായപ്പോള്‍ ജനങ്ങളുടെ സൂചന തിരിച്ചറിയാന്‍ നേതൃത്വം പരാജയപ്പെട്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

ഇന്ദിരാഭവന്‍ സ്ഥിതിചെയ്യുന്ന ശാസ്തമംഗലം വാര്‍ഡ് കണ്ടെയ്മെന്റ് സോണായതിനാലാണ് ഗേറ്റ് പൂട്ടുന്നതെന്നാണ് ഓഫീസിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ മുമ്പ് വാര്‍ഡ് കണ്ടെയ്മെന്റ് സോണായിരുന്ന സമയത്തൊന്നും ഇത്തരം മുന്‍കരുതലുകള്‍ എടുത്തിരുന്നില്ലെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

Exit mobile version