ഐസ്‌ക്രീം ബോളെന്ന് കരുതി കളിക്കാന്‍ എടുത്തു; കണ്ണൂരില്‍ ഒന്നര വയസ്സുകാരനടക്കം രണ്ട് കുട്ടികള്‍ക്ക് ബോംബ് സ്‌ഫോടനത്തില്‍ പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ ബോംബ് പൊട്ടി ഒന്നര വയസുകാരനടക്കം രണ്ടുകുട്ടികള്‍ക്ക് പരിക്കേറ്റു. ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കിട്ടിയ ഐസ്‌ക്രീം കപ്പ് വീട്ടില്‍ കൊണ്ടുവന്ന് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരിട്ടിക്കടുത്ത് പടിക്കച്ചാലിലാണ് സംഭവം. അപകടത്തില്‍ സഹോദരങ്ങളായ മുഹമ്മദ് ആമീന്‍ (5) മുഹമ്മദ് റഹീദ് (ഒന്നര വയസ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇതില്‍ മുഹമ്മദ് ആമീന്റെ പരിക്ക് സാരമുള്ളതാണ്. അമീന്റെ നെഞ്ചിലും കാലിലും ചീളുകള്‍ തറച്ച് പരിക്കുണ്ട്. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേിലേക്ക് മാറ്റി. റഹീദിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരികെ കൊണ്ടുവന്നു. ഐസ്‌ക്രീം ബോള്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.വീടിനകത്ത് വെച്ച് ഇന്ന് രാവിലെയാണ് അപകടം നടന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് സംഘര്‍ഷം പതിവുള്ള സ്ഥലമാണിത്. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഐസ്‌ക്രീം ബോംബാണിതെന്നാണ് നിഗമനം. പോലീസ് അന്വേഷണം തുടങ്ങി.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അമീന്റെയും റഹീദിന്റെയും കുടുംബം പടിക്കച്ചാലില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഈ പ്രദേശങ്ങളില്‍ ആളൊഴിഞ്ഞ പറമ്പില്‍ ഇത്തരത്തില്‍ ബോംബ് സൂക്ഷിക്കാറുണ്ട്.

Exit mobile version