കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും കോൺഗ്രസിനും ഉണ്ടായ കനത്ത തിരിച്ചടിയിൽ നേതാക്കൾക്കിടയിൽ പൊട്ടിത്തെറി. പരസ്യമായി തന്നെ നേതൃത്വത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹൈബി ഈഡൻ എംപി.
പാർട്ടിക്കുണ്ടായ കനത്ത പരാജയത്തെത്തുടർന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയാണ് പരസ്യ വിമർശനവുമായി ഹൈബി ഈഡൻ രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുല്ലപ്പള്ളിയുടെ പേരെടുത്ത് പറയാതെ ഹൈബിയുടെ വിമർശനം.
‘നമുക്കിപ്പോഴും ഒരു ഉറങ്ങുന്ന പ്രസിഡന്റിനെ ആവശ്യമുണ്ടോ’- എന്ന ചോദ്യമാണ് ഹൈബി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിട്ട് മിനുട്ടുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിനാളുകളാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നതും കമന്റ് രേഖപ്പെടുത്തിയിരിക്കുന്നതും.
കോൺഗ്രസ് നേരിട്ട കനത്ത പരാജയം പാർട്ടിക്കുള്ളിൽ വലിയ പിളർപ്പുണ്ടാക്കിയെന്നും കാര്യമായ ചർച്ചകൾക്കും നേതൃത്വത്തിൽ പുനഃസംഘടനയ്ക്ക് വഴിയൊരുങ്ങുമെന്നും തന്നെയാണ് ഹൈബിയുടെ പരസ്യ പ്രതികരണം വ്യക്തമാക്കുന്നത്.