ആലപ്പുഴ: എൽഡിഎഫിന്റെ ഭാഗമായി നിന്ന് തെരഞ്ഞെടുപ്പിന് മുമ്പായി കളം മാറ്റി ചവിട്ടി എൻഡിഎയ്ക്ക് ഒപ്പം പോയ എല്ലാ നേതാക്കൾക്കും കനത്ത തിരിച്ചടി. എൽഡിഎഫിൽ നിന്നു ബിജെപിയിലും ബിഡിജെഎസിലും എത്തി ജനവിധി തേടിയവരെല്ലാം പരാജയപ്പെട്ടത് വലിയ മാർജിനിൽ.
സിപിഎം ലോക്കൽ കമ്മിറ്റി അംഗവും തണ്ണീർമുക്കം മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പിഎസ് ജ്യോതിസ് ബിഡിജെഎസിന്റെ ചേർത്തലയിലെ സ്ഥാനാർത്ഥിയായാണ് പിന്നീട് രാഷ്ട്രീയ കളത്തിലിറങ്ങിയത്. എന്നാൽ ചേർത്തലയിലെ ഫലം വന്നപ്പോൾ തോൽവി മാത്രമല്ല എൻഡിഎയുടെ ആകെ വോട്ടു വിഹിതം കുത്തനെ ഇടിയുക കൂടിയായിരുന്നു ഫലം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ 5052 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. 14,562 വോട്ടാണ് പിഎസ് ജ്യോതിസ് നേടിയത്. 2016ൽ ബിഡിജെഎസ് സ്ഥാനാർത്ഥി നേടിയത് 19,614 വോട്ടുകളായിരുന്നു.
കുട്ടനാട്ടിൽ ആകട്ടെ സിപിഐ ജില്ലാ കൗൺസിൽ അംഗവും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായിരുന്ന തമ്പി മേട്ടുതറയെയാണ് ബിഡിജെഎസ് സ്ഥാനാർത്ഥിയാക്കി നിർത്തിയത്. 2016ൽ ബിഡിജെഎസിനുവേണ്ടി സുഭാഷ് വാസു നേടിയ 33,044 വോട്ട് നിലനിർത്തുക എന്നതായിരുന്നു പാർട്ടിയുടെ ലക്ഷ്യം. എന്നാൽ തമ്പി മേട്ടുതറയ്ക്കു കിട്ടിയത് ആകട്ടെ 14,946 വോട്ട് മാത്രം. 18,098 വോട്ടിന്റെ കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്.
സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന കെ സഞ്ജുവാണ് എൻഡിഎയ്ക്ക് ഒപ്പം ചേർന്ന് മാവേലിക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയത്. സഞ്ജു പാർട്ടി വിട്ട കാര്യം സ്ഥാനാർത്ഥി പ്രഖ്യാപനദിവസം മാത്രമാണ് സിപിഎം നേതാക്കൾപോലും അറിഞ്ഞത്.
പക്ഷെ, കനത്ത തോൽവിയായിരുന്നു കാലുമാറിയ സഞ്ജുവിനെ കാത്തിരുന്നത്. ബിജെപി 2016ൽ 30,929 വോട്ടു നേടിയ മണ്ഡലത്തിൽ വെറും 26 വോട്ടുകൾ മാത്രമാണ് സഞ്ജു കൂട്ടിയത്. അഞ്ചു വർഷം കൊണ്ട് 26 വോട്ടിന്റെ വർധനയെന്നത് എൻഡിഎയ്ക്ക് നേട്ടമെന്നു പോലും വിശേഷിപ്പിക്കാൻ നാണക്കേടായിരിക്കും. എൽഡിഎഫിൽ നിന്നും കളംമാറ്റി എൻഡിഎയിലെത്തിയ സ്ഥാനാർത്ഥികളെയെല്ലാം ജനങ്ങൾ കൈയ്യൊഴിഞ്ഞെന്ന് തന്നെയാണ് അവസാന ചിത്രം വ്യക്തമാക്കുന്നത്.
Discussion about this post