ചീപ്പുങ്കൽ: കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ കോവിഡ് രോഗിക്ക് ദാരുണാന്ത്യം. അയ്മനം ഗ്രാമപ്പഞ്ചായത്തിലെ വാദ്യമേക്കരി കറുകപ്പറമ്പിൽ രാജപ്പനാ(60)ണ് മരിച്ചത്. തോട്ടിൽ പോള നിറഞ്ഞതിനെ തുടർന്ന് ജലഗതാഗതം തടസപ്പെട്ടതിനാൽ കോവിഡ് ബാധിതനായ രാജപ്പനെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ്് ചികിത് കിട്ടാതെ ഇദ്ദേഹം മരണപ്പെട്ടത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ഞായറാഴ്ച രാത്രി ഒൻപതുമണിയോടെ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. എന്നാൽ, പെണ്ണാർ തോട്ടിൽ പോള നിറഞ്ഞതിനാൽ രാത്രിയിൽ ബോട്ട് ഓടിക്കാൻ സാധിക്കില്ലായിരുന്നു. ഇതോടെ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ കുടുംബത്തിന് കഴിഞ്ഞില്ല.
വെള്ളിയാഴ്ചയാണ് പനി അനുഭവപ്പെട്ടതിനെത്തുടർന്ന് ചേർത്തല കെവിഎം ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രാജപ്പന് കോവിഡ് സ്ഥിരീകരിച്ചത്. വാഹനസൗകര്യമില്ലാത്തിനാൽ വാദ്യമേക്കരിയിലെ ജനങ്ങൾ, പെണ്ണാർതോട്ടിലൂടെ ബോട്ടിലാണ് പുറംലോകത്തെത്താറുള്ളത്. തോട്ടിൽ പോള നിറഞ്ഞതിനാൽ, ചീപ്പുങ്കൽമണിയാപറമ്പ് റൂട്ടിലെ ജലഗതാഗത വകുപ്പിന്റെ ബോട്ടും സർവീസ് നിർത്തിയിരിക്കുകയാണ്. അയ്മനംആർപ്പൂക്കര പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. പോള നീക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
മരിച്ച രാജപ്പന്റെ ഭാര്യ: ലീല, കറുകപ്പറമ്പ് കുടുംബാംഗം. മക്കൾ: രാജി, രജിത, രാഹുൽ. മരുമക്കൾ: സന്തോഷ്, റെജി, രഞ്ജിത.
Discussion about this post