ചങ്ങനാശ്ശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകൾക്ക് ഇടതുപക്ഷം എല്ലാ സ്ഥാനമാനങ്ങൾ നൽകിയിട്ടും ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തുകയാണ് എൻഎസ്എസ് ചെയ്തതെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ അഭിനന്ദിക്കുന്നതിനിടെയാണ് അദ്ദേഹം എൻഎസ്എസിനെ കടന്നാക്രമിച്ചത്.
അതേസമയം, വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾ തള്ളി എൻഎസ്എസും രംഗത്തെത്തി. തന്റെ മകൾ ഡോ. സുജാതയുടെ രാജി വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണെന്നും വെള്ളാപ്പള്ളിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു.
‘എൻഎസ്എസ് ഹിന്ദു കോളേജ് പ്രിൻസിപ്പലും എന്റെ മകളും ആയ ഡോ. സുജാത കഴിഞ്ഞ ഏഴുവർഷത്തോളമായി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പറാണ്. ആദ്യം യുഡിഎഫ് സർക്കാരും പിന്നീട് എൽഡിഎഫ് സർക്കാരുമാണ് ഈ സ്ഥാനത്തേക്ക് ഡോ.സുജാതയെ നാമനിർദേശം ചെയ്തത്’ -വിവാദത്തിൽ സുകുമാരൻ നായർ പ്രതികരിച്ചു.
യോഗ്യതയുടെ അടിസ്ഥാനത്തിൽ, ‘എഡ്യൂക്കേഷനിസ്റ്റ്’ എന്ന വിഭാഗത്തിലാണ് ഇടതുവലതു വ്യത്യാസമില്ലാതെ സർക്കാരുകൾ ഡോ. സുജാതയെ നാമനിർദേശം ചെയ്തത്. ഇതിനുവേണ്ടി ഞാനോ എന്റെ മകളോ മറ്റാരെങ്കിലുമോ, ഗവണ്മെന്റിനെയോ ഏതെങ്കിലും രാഷ്ട്രീയനേതാക്കളെയോ സമീപിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. എങ്കിലും ഇതിന്റെ പേരിൽ വിവാദങ്ങൾക്കിടവരുത്താതെ, മൂന്നുവർഷത്തെ കാലാവധി ഇനിയും ഉണ്ടെന്നിരിക്കെ, വ്യക്തിപരമായ കാരണങ്ങളാൽ എന്റെ മകൾ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർസ്ഥാനം രാജിവച്ച് ബന്ധപ്പെട്ടവർക്ക് കത്ത് നൽകിക്കഴിഞ്ഞുവെന്നും ജി സുകുമാരൻ നായർ അറിയിച്ചു.