കോഴിക്കോട്: പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പായതോടെ കോണ്‍ഗ്രസിലും തലമുറ മാറ്റം ഉറപ്പാകുന്നു. 2016-ല്‍ ഭരണം കൈവിട്ടതോടെ നേതൃപദവി ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മന്‍ ചാണ്ടിയുടെ പാത തന്നെ സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
പിണറായിയെ ജനം വീണ്ടും തെരഞ്ഞെടുത്തു എന്ന ജനവിധിയില്‍ രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവില്‍ ജനങ്ങളുടെ അവിശ്വാസവുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ തന്നെ അടക്കം പറച്ചിലുകള്‍ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് മാറ്റമുണ്ടാകുമെന്നും ഉറപ്പാകുന്നത്.
അംഗബലം കൂടിയ ഭരണപക്ഷത്തെയാണ് പ്രതിപക്ഷത്തിന് ഇനി സഭയില്‍ നേരിടേണ്ടത്. ഇടത് കോട്ടയായ പറവൂരില്‍നിന്ന് നാല് തവണ തുടര്‍ച്ചയായി ജയിച്ച വിഡി സതീശന്‍ പ്രതിപക്ഷ നേതാവായി വരുമെന്നാണ് ലഭിക്കുന്ന വിവരം. രമേശ് മാറി നിന്നാല്‍ അദ്ദേഹത്തിന്റെ പിന്തുണയും സതീശനായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 21 കോണ്‍ഗ്രസ് എം.എല്‍എമാരില്‍ 10 പേരും ഐ ഗ്രൂപ്പുകാരാണ്.
മുതിര്‍ന്ന നേതാക്കളില്‍ പ്രതിപക്ഷ നേതാവായി പരിഗണിക്കാന്‍ സാധ്യതയുള്ള മറ്റ് രണ്ട് പേരുകള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി. തോമസുമാണ്. ഇതില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞാല്‍ സീനിയര്‍ തിരുവഞ്ചൂര്‍ തന്നെയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ മികവോടെ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവും സ്വീകാര്യതയും താരതമ്യേന ചെറുപ്പവും സതീശനെ പിന്തുണയ്ക്കുന്നുണ്ട്.
Discussion about this post