പാമ്പൻ പാലത്തിന്റെ ശക്തിയുണ്ടായില്ല; സ്വന്തം നാടും, എംഎൽഎ ഓഫീസും ഒന്നും തുണച്ചില്ല; മെട്രോമാന് പാളം തെറ്റിയതോടെ പിഴച്ചത് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകളും

sreedharan

പാലക്കാട്: മോട്രോമാൻ എന്ന വിശേഷണം ചാർത്തി നൽകി മലയാളികൾ ഏറെ ആരാധിച്ച ഇ ശ്രീധരൻ കാവി രാഷ്ട്രീയത്തിനൊപ്പം ചേർന്ന് മത്സരത്തിന് ഇറങ്ങുമ്പോൾ ബിജെപി ദേശീയ നേതൃത്വത്തിനും ഏറെ ആത്മവിശ്വാസമായിരുന്നു. എന്നാൽ ബിജെപി വിരുദ്ധ മനസുള്ള കേരളത്തിലെ ജനങ്ങൾ പാമ്പൻ പാലത്തിന്റെ കരുത്തും മെട്രോയുടെ ഭംഗിയും ഒന്നും നോക്കാൻ കൂട്ടാക്കാതെ കേരളത്തിലെ തന്നെ മികച്ച എഞ്ചിനീയറെ പരാജയത്തിലേക്ക് കൈപിടിച്ച് നടത്തുകയായിരുന്നു. എവിടെയാണ് പിഴയ്ക്കുന്നത് എന്ന് ബിജെപിക്ക് പോലും വ്യക്തമാകാത്ത തരത്തിലായിരുന്നു ഇ ശ്രീധരന്റെ നേരിയതെങ്കിലുംസോഷ്യൽമീഡിയയടക്കം ആഘോഷിക്കുന്ന പരാജയം.

പാലക്കാട് നഗരസഭ ഭരിക്കുന്ന ബിജെപിത്ത് പാലക്കാട് നിയമസഭാമണ്ഡലത്തിലും നേട്ടമുണ്ടാക്കാനാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ എൻഡിഎയുടെ ഈ സ്ഥാനാർത്ഥി പരീക്ഷണം പാളുകയായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ നേടിയ വിജയവും ഇ ശ്രീധരൻ നാട്ടുകാരനാണെന്ന പ്രതിഛായയും അദ്ദേഹത്തിനോടുള്ള മലയാളിയുടെ ആരാധനയുമൊക്കെ വോട്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ.

ഇതോടെപ്പം പണ്ടത്തെ ആർഎസ്എസ് പ്രവർത്തകൻ കൂടിയായ ശ്രീധരന് വേണ്ടി ആർഎസ്എസ് നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളും ഫലംകാണുമെന്ന് ബിജെപി കണക്കുകൂട്ടി. പക്ഷെ നഗരസഭയിൽ ആധിപത്യം കാണിച്ച ശ്രീധരനെ നഗരസഭയ്ക്കുപുറത്തുള്ള പഞ്ചായത്തുകൾ കൈവിട്ടതോടെയാണ് പരാജയത്തിലേക്ക് നയിച്ചത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു അപ്രതീക്ഷിതമായി ഇ ശ്രീധരൻ ബിജെപിയിൽ ചേക്കേറിയതും തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതും. പാലക്കാടോ തൃശ്ശൂരോ തൃപ്പൂണിത്തുറയോ മസ്തരിക്കാൻ വേണമെന്ന് ശ്രീധരൻ തന്നെ ആവശ്യപ്പെടുകയും ചെയ്തു. ദൂരപരിമിതി ചൂണ്ടിക്കാണിച്ച് തൃപ്പൂണിത്തുറയും സീറ്റിന് വേണ്ടി ബിജെപിയിൽ തന്നെ നിരവധി ആവശ്യങ്ങൾ ഉയർന്നതോടെ തൃശ്ശൂരും ഒഴിവാക്കി ഒടുവിൽ ശ്രീധരൻ സ്വന്തം നാടായ പാലക്കാടിനെ തന്നെ സ്വീകരിക്കുകയായിരുന്നു. പാലക്കാട്ടെ വിജയം ഉറപ്പാണെന്ന ശ്രീധരന്റെ വാക്കുകളിൽ ബിജെപി ദേശീയ നേതൃത്വത്തിനും സംശയമുണ്ടായിരുന്നില്ല.

കൊച്ചി മെട്രോ സാധ്യമായത് പോലെ രണ്ട് വർഷം കൊണ്ട് പാലക്കാടിന് ഉണ്ടാകുന്ന വളർച്ച പ്രചാരണ വേളയിൽ ശ്രീധരൻ നിരന്തരം ഉദ്‌ഘോഷിച്ചു. ഇതോടെ വികസന നായകനായി ഇ ശ്രീധരനെ പാലക്കാട് സ്വീകരിക്കുമെന്ന് ബിജെപി അടിയുറച്ച് വിശ്വസിച്ചു.

വിജയിച്ച് ജനപ്രതിനിധിയാകുമെന്ന ഉറച്ച വിശ്വാസത്തിന്മേൽ അദ്ദേഹം പാലക്കാട് നഗരത്തിൽ തന്നെ താമസസ്ഥലവും എംഎൽഎ ഓഫീസും ഒരുക്കിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ പാലക്കാട് ഇ ശ്രീധരന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തി.

എന്നാൽ വോട്ടെണ്ണി കഴിഞ്ഞതോടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിക്കൊണ്ട് എതിർ സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായ കോൺഗ്രസിന്റെ ഷാഫി പറമ്പിൽ വിജയിച്ചുകയറുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാനത്തെ ഔദ്യോഗിക അറിയിപ്പ് പ്രകാരം 3925 വോട്ടിന്റെ ഭൂരിപഷത്തിലാണ് ഷാഫിയുടെ വിജയം.

പാലക്കാട് നഗരസഭാപരിധിയിൽ മികച്ച ലീഡ് നേടാൻ കഴിഞ്ഞത് മാത്രമാണ് ബിജെപിക്ക് ഉണ്ടായ നേട്ടം. നഗരസഭാപരിധിയുടെ പുറത്തെ പഞ്ചായത്തുകളിൽ നിന്നും കാര്യമായ നേട്ടം കൊയ്യാൻ ശ്രീധരനായില്ല. നഗരസഭയിലെ ബൂത്തുകൾ ഉൾപ്പെടുന്ന ആദ്യ 10 റൗണ്ടുകൾ എണ്ണീത്തീർത്തപ്പോൾ 9146 വോട്ടിന്റെ ലീഡാണ് എൻഡിഎ സ്ഥാനാർത്ഥിയായ ശ്രീധരൻ നേടിയത്. വിജയം ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. അവസാന റൗണ്ടോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്, മണ്ഡലപരിധിയിലെ പഞ്ചായത്തുകളിൽ ബിജെപി വോട്ടുനില ഉയർത്തിയെങ്കിലും ഒരു പഞ്ചായത്തിലും ലീഡ് നേടാനായിട്ടില്ല. യുഡിഎഫിന്റെ വോട്ടുകൾ ഭിന്നിച്ച് എൽഡിഎഫിലേക്കു പോകുമെന്ന കണക്കുകൂട്ടൽ ബിജെപി നടത്തിയെങ്കിലും ഇതും ഉണ്ടായില്ല. ശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയിട്ടും വിജയം പിടിക്കാനാകാതെ പോയതിനെ കുറിച്ച് കാര്യമായ പഠനം തന്നെ ബിജെപിക്ക് നടത്തേണ്ടി വരും.

Exit mobile version