കൊച്ചി: മുസ്‌ലിം ലീഗിന്റെ ഉറച്ച കോട്ടയായ കളമശേരി പാലാരിവട്ടം അഴിമതിയില്‍ മുങ്ങിപ്പോയി. അഴിമതിക്കറ പുരണ്ട മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ ഗഫൂറിനെ തകര്‍ത്താണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് കളമശേരിയെ ചുവപ്പണിയിച്ചത്.
10850 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി രാജീവിന്റെ ജയം. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതിയായി ജയില്‍ശിക്ഷ അനുഭവിച്ച വികെ ഇബ്രാഹിം കുഞ്ഞിന്റെ മണ്ഡലമാണ് പി രാജീവ് പിടിച്ചെടുത്തിരിക്കുന്നത്.
മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരൂപക്ഷമാണ് പി രാജാവ് നേടിയിരിക്കുന്നത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ പി രാജീവ് 77141 വോട്ടുകള്‍ നേടിയപ്പോള്‍ 61,805 വോട്ടുകളാണ് അബ്ദുള്‍ ഗഫൂര്‍ നേടിയത്. ബിഡിജെഎസ് ലെ പിഎസ് ജയരാജ് 11,179 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തും 2385 വോട്ടുകള്‍ നേടി എസ്ഡിപി എ സ്ഥാനാര്‍ഥി വിഎം ഫൈസല്‍ നാലാം സ്ഥാനത്തുമെത്തി.
ഇടതുമുന്നണി നേടിയത് പണാധിപത്യത്തിനെതിരായ വിജയമെന്ന് പി രാജീവ് പ്രതികരിച്ചു. ആത്മാഭിമാനവും പണാധിപത്യവും തമ്മിലുള്ള മത്സരമാണ് ഇത്തവണ കളമശ്ശേരി കണ്ടത്. ഇത് വോട്ടര്‍മാര്‍ മനസ്സിലാക്കിയിട്ടുണ്ട്. മോശമായ അവഹേളനങ്ങള്‍ എല്ലാം ജനം തള്ളിക്കളഞ്ഞുവെന്നും പി രാജീവ് പറഞ്ഞു.
മണ്ഡലം രൂപീകരിച്ച ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ വികെ ഇബ്രാഹിം കുഞ്ഞാണ് കളമശേരിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.
അഴിമതി ആരോപണത്തെത്തുടര്‍ന്നാണ് ഇബ്രാഹിം കുഞ്ഞ് ഇക്കുറി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നത്. പകരം മകന്‍ വിഇ ഗഫൂറാണ് യുഡിഎഫിനു വേണ്ടി മത്സര രംഗത്തിറങ്ങിയത്. പി എസ് ജയരാജന്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.
എന്നാല്‍ യുഡിഎഫിന്റെ ഭാഗമായി നിന്ന വോട്ടുകള്‍ പോള്‍ ചെയ്യപ്പെടാതെ പോയതുകൊണ്ടാകാം കളമശ്ശേരിയില്‍ പോളിംഗ് ശതമാനം കുറഞ്ഞതെന്നും രാജീവ് പറയുന്നു.
മികച്ച പാര്‍ലമെന്റേറിയനെന്ന പ്രതിഛായയുള്ള ശക്തനായ സ്ഥാനാര്‍ഥിയായിരുന്നു പി രാജീവ്. അതുകൊണ്ടുതന്നെ യുഡിഎഫിലെ അതൃപ്തരുടെ വോട്ടുകളും എല്‍ഡിഎഫിലേക്ക് ചെന്നു ചേരുന്നതിന് തടസമായില്ല. മണ്ഡലത്തിലെ നിഷ്പക്ഷരും ഇത്തവണ ഇടതിനൊപ്പം നിന്നുവെന്നാണ് രാജീവിന്റെ വിജയം വെളിപ്പെടുന്നത്.
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ സംസ്ഥാനത്താകെ യു.ഡി.എഫിനെ പ്രതിരോധത്തിലാഴ്ത്തിയിരിക്കെ മുഖ്യ ആരോപണ വിധേയനായ മുന്‍ മന്ത്രിയും സിറ്റിങ് എഎല്‍എയുമായ ഇബ്രാഹിംകുഞ്ഞിന്റെ മകനെ തന്നെ കളമശേരി മണ്ഡലത്തില്‍ ലീഗ് മത്സരിക്കാനിറക്കിയത് പാര്‍ട്ടിക്കകത്തു തന്നെ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ട് പരസ്യമായ എതിര്‍പ്പുകള്‍ക്ക് അറുതി വരുത്തിയെങ്കിലും അടിത്തട്ടില്‍ നേതൃത്വത്തിന്റെ ഇടപെടലുകള്‍ ഫലം കണ്ടില്ലെന്ന് ഫലം തെളിയിക്കുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ദേശാഭിമാനി പത്രാധിപര്‍ എന്നീ ചുമതലകള്‍ വഹിച്ചുവരികയാണ് അമ്പതുകാരനായ രാജീവ്. 2005 മുതല്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. 2015ല്‍ തൃപ്പൂണിത്തുറയില്‍ ചേര്‍ന്ന ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
2018ല്‍ എറണാകുളത്തു ചേര്‍ന്ന ജില്ലാ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. എസ്എഫ്ഐ നേതാവായിരിക്കെ സ്വാശ്രയ വിദ്യാഭ്യാസനയത്തിനെതിരായ പ്രക്ഷോഭത്തില്‍ പൊലീസ് മര്‍ദനത്തിനിരയായി. ലോക്കപ്പിലും മര്‍ദനമേറ്റു.
1994ല്‍ സിപിഎം ജില്ലാകമ്മിറ്റി അംഗമായി. 2009ല്‍ രാജ്യസഭാ അംഗവും രാജ്യസഭാ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനുമായി. രാജ്യസഭയെ നിയന്ത്രിക്കുന്ന പാനല്‍ ഓഫ് ചെയര്‍മാനുമായി. ഐക്യരാഷ്ട്രസഭയുടെ രണ്ട് കൗണ്‍സിലുകളില്‍ പങ്കെടുത്തു. 2013ല്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചു. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡറും രാജ്യസഭയില്‍ ചീഫ് വിപ്പുമായിരുന്നു.<
എംപിയായിരിക്കെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ രാഷ്ട്രീയത്തിന് അതീതമായ അംഗീകാരം നേടി. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ നേതൃത്വം നല്‍കിയ ജൈവപച്ചക്കറി, പാലിയേറ്റീവ്, കനിവ് വീട്, പെരിയാറിനൊരു തണല്‍ തുടങ്ങിയ പദ്ധതികളും സാര്‍വത്രിക പ്രശംസ നേടി. 2001 മുതല്‍ 2010 വരെ ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്നു. പിന്നീട് ചീഫ് എഡിറ്ററായി ചുമതലയേറ്റു.
2017ലെ മികച്ച എംപിക്കുള്ള സന്‍സത് രത്ന പുരസ്‌കാരം, മികച്ച പൊതുപ്രവര്‍ത്തകനുള്ള പികെവി അവാര്‍ഡ്, പി പി ഷണ്‍മുഖദാസ് അവാര്‍ഡ്, മികച്ച മുഖപ്രസംഗത്തിനുള്ള പന്തളം കേരളവര്‍മ പുരസ്‌കാരം എന്നിവ ലഭിച്ചു. 1997ല്‍ ക്യൂബയിലും 2010ല്‍ ദക്ഷിണാഫ്രിക്കയിലും നടന്ന ലോക വിദ്യാര്‍ത്ഥി യുവജന സമ്മേളനത്തില്‍ പങ്കെടുത്തു
ആഗോളവല്‍ക്കരണ കാലത്തെ ക്യാമ്പസ്, വിവാദങ്ങളിലെ വൈവിധ്യങ്ങള്‍, കാഴ്ചവട്ടം, പുരയ്ക്കുമേല്‍ ചാഞ്ഞ മരം (മറ്റുള്ളവരുമായി ചേര്‍ന്ന്), 1957 ചരിത്രവും വര്‍ത്തമാനവും (എഡിറ്റര്‍) തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. കുസാറ്റ് ലീഗല്‍ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ വാണി കേസരിയാണ് ഭാര്യ. ഹൃദ്യ, ഹരിത എന്നിവര്‍ മക്കള്‍.
റവന്യൂ ഇന്‍സ്പെക്ടറായിരുന്ന പി വാസുദേവന്റെയും രാധാ വാസുദേവന്റെയും മകനായ രാജീവ് സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത് ഗവ. സമിതി ഹൈസ്‌കൂളിലാണ്. പിന്നീട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കളമശേരി സെന്റ് പോള്‍സ് കോളേജ്, കളമശേരി ഗവ. പോളിടെക്നിക്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളില്‍ തുടര്‍പഠനം. എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ സജീവമായി. തുടര്‍ന്ന് കേരളാ ഹൈക്കോടതിയില്‍ അഭിഭാഷകനായ രാജീവ് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി.