മെയ് 1, 2 തീയതികളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ്

എറണാകുളം: മെയ് 1, 2 തീയതികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് എറണാകുളം ജില്ല കളക്ടര്‍ എസ് സുഹാസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിംഗ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ മാത്രമേ കൗണ്ടിങ് സെന്ററുകളിലേക്ക് പ്രവേശിപ്പിക്കൂ. അവശ്യ സര്‍വീസ് വകുപ്പുകള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാന്‍ അനുവാദം ഉണ്ടാകും.

മറ്റു വകുപ്പുകളില്‍ ഏറ്റവും ചുരുങ്ങിയ എണ്ണം ജീവനക്കാരെ മാത്രം അനുവദിക്കും. അവശ്യ സ്വഭാവമുള്ള കമ്പനികള്‍, വ്യവസായങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. മെഡിക്കല്‍ ഓക്‌സിജന്‍ നീക്കത്തിന് തടസ്സമില്ല. ഓക്‌സിജന്‍ ടെക്‌നീഷ്യന്മാര്‍, ആരോഗ്യ – ശുചീകരണ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രവര്‍ത്തിക്കാം.

ടെലകോം , ഇന്റര്‍നെറ്റ് സേവനദാതാക്കള്‍, പെട്രോനെറ്റ്,പെട്രോളിയം, എല്‍പിജി മേഖലകളിലെ തൊഴിലാളികള്‍ക്ക് പ്രവര്‍ത്തിക്കാം. ഐടി മേഖലയില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണം. അവശ്യ വസ്തുക്കള്‍/ നിത്യോപയോഗ സാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളും ഫാര്‍മസികളും മാത്രം തുറക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും.

ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ പാഴ്‌സല്‍ സൗകര്യം മാത്രം നല്‍കി പ്രവര്‍ത്തിക്കണം. ബാങ്കുകളുടെ പ്രവര്‍ത്തന സമയം 10 മുതല്‍ രണ്ടുവരെ ആക്കി. ദീര്‍ഘദൂര ബസ് സര്‍വീസ്, ട്രെയിന്‍ , വ്യോമഗതാഗത സര്‍വീസുകള്‍ അനുവദനീയം.ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി ടാക്‌സി വാഹനങ്ങളും അനുവദിക്കും.

വിവാഹത്തിന് 50 പേര്‍. മരണാനന്തര ചടങ്ങുകള്‍ക്ക് 20. അതിഥി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. റേഷന്‍ കടകള്‍ സപ്ലൈകോ വില്‍പന ശാലകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. കൃഷി ഉള്‍പ്പെടെയുള്ള പ്രാഥമിക ഉത്പാദന മേഖലയിലെ സംരംഭങ്ങളും വ്യവസായം ഉള്‍പ്പെടെയുള്ള സംരംഭങ്ങളും പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.
ആരാധനാലയങ്ങളില്‍ രണ്ടു മീറ്റര്‍ അകലം ഉറപ്പാക്കണം. ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കണം.

Exit mobile version