കൊച്ചി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്ഫലം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ആൾക്കൂട്ടം ഉണ്ടാകാതിരിക്കാനുള്ള നിർദേശങ്ങളുമായി ഹൈക്കോടതി. മേയ് ഒന്ന് മുതൽ നാല് ദിവസം കൂടിച്ചേരലുകൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനങ്ങളോ ഒത്തുചേരലുകളോ പാടില്ല. കർശന നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മേയ് 4 മുതൽ 9 വരെ ലോക്ക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ശനി, ഞായർ ദിനങ്ങളിൽ ഏർപ്പെടുത്തിയതിനു സമാനമായ സെമി ലോക്ക്ഡൗൺ ആണ് ഏർപ്പെടുത്തുക.
ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. നേരത്തെ സർവ്വകക്ഷി യോഗത്തിൽ തെരഞ്ഞെടുപ്പ് വിജയാഘോഷം വേണ്ടെന്ന തീരുമാനം കൈക്കൊണ്ടിരുന്നു.