കൊച്ചി: സംസ്ഥാനത്തെ കോവിഡ് ചികിത്സാ ചെലവ് ഭീമമാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. ചികിത്സാചെലവിന്റെ കാര്യം അതീവഗുരുതരമായ സ്ഥിതിയിലാണ്. സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളിൽ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാൾ പതിന്മടങ്ങാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കോവിഡ് ചികിത്സയ്ക്ക് പല സ്വകാര്യ ആശുപത്രികളും തോന്നിയ നിരക്ക് ഈടാക്കുന്നുവെന്ന പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിമർശനം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എംആർ അനിത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അതേസമയം സ്വകാര്യ ആശുപത്രികളിൽ നിശ്ചയിച്ചിട്ടുള്ള കൊവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
എന്നാൽ, കോവിഡ് ചികിത്സയ്ക്ക് വിധേയമായി സാമ്പത്തിക ബാധ്യതയുണ്ടായവരിൽ നിന്ന് നേരിട്ടുള്ള വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ നിരീക്ഷണമെന്നു ഹൈക്കോടതി വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിൽ സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കോവിഡ് കണക്കുകൾ കൂടുന്നത് മനസിനെ അലട്ടുന്നുവെന്നും കോടതി പറഞ്ഞു.