ചവറ: ഉറ്റവരും ഗർഭിണിയായ ഭാര്യയും ഒരു നാടൊന്നാകെയും ശുഭവാർത്ത തേടിയെത്തുമെന്ന പ്രാർത്ഥനയോടെ കാത്തിരുന്നെങ്കിലും എല്ലാവരേയും കടുത്ത ദുഃഖത്തിലേക്ക് തള്ളിവിട്ട് എത്തിയത് ഷാനവാസിന്റെ വിയോഗ വാർത്ത. ലഡാക്കിലെ ഹിമപാതത്തിൽ അകപ്പെട്ടാണ് കൊല്ലം ചവറയിലെ ഷാനവാസ് എന്ന യുവസൈനികൻ മരണപ്പെട്ടത്. ഷാനവാസ് അപകടത്തിൽപ്പെട്ടെന്ന വാർത്ത അറിഞ്ഞതോടെ ആരോഗ്യവാനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ പ്രാർഥനാപൂർവം കാത്തിരിക്കുകയായിരുന്നു കുടുംബം.
എല്ലാ പ്രാർത്ഥനകളും വിഫലമാക്കി ബുധനാഴ്ച രാത്രിയോടെയാണ് ഷാനവാസിന്റെ വിയോഗ വാർത്ത എത്തിയത്. വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമെല്ലാം ഇനിയും ഈ വാർത്ത വിശ്വസിക്കാനായിട്ടില്ല. ലഡാക്കിൽ ജോലിക്കിടെയാണ് ഹിമപാതത്തിൽപ്പെട്ട് ഷാനവാസിന് പരിക്കേറ്റത്. സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് നിലവഷളായതും മരണം വരിച്ചതും.
ഷാനവാസ് ആശുപത്രിയിലാണെന്ന വിവരം എത്തിയപ്പോൾ സുഖം പ്രാപിക്കുമെന്നുതന്നെയാണ് രണ്ടു കുഞ്ഞുങ്ങളും ഏഴുമാസം ഗർഭിണിയായ ഭാര്യയും ഉൾപ്പെടുന്ന കുടുംബവും ഉറ്റ സുഹൃത്തുക്കളും നാട്ടുകാരും ഉറച്ചുവിശ്വസിച്ചിരുന്നത്. ഷാനവാസിന്റെ കൂട്ടുകാർ വിശുദ്ധ മാസത്തിലെ പ്രത്യേക പ്രാർത്ഥനകൾക്കൊപ്പം അന്നദാനവും ദേവാലയങ്ങളിൽ വിശേഷ പ്രാർഥനകളും മറ്റും നടത്തിയിരുന്നു. എന്നാൽ ഹൃദയം തകർക്കുന്ന വാർത്തയാണ് ഇവർക്ക് ശ്രവിക്കേണ്ടി വന്നത്.
ആറുമാസം മുൻപ് ഉമ്മയുടെ മരണത്തിനു ഷാനവാസിനു എത്തിച്ചേരാനായിരുന്നില്ല. തുടർന്ന് അവധിക്ക് നാട്ടിലെത്തി മാർച്ച് 7നു മടങ്ങുമ്പോൾ 2 മാസത്തെ സേവനത്തിനു ശേഷം ലഡാക്കിൽ നിന്നു മടങ്ങുമെന്നും സഹോദരിയുടെ മകളുടെ വിവാഹത്തിനായി നാട്ടിലെത്താമെന്നും ഷാനവാസ് വാക്ക് നൽകിയിരുന്നു. ഭൗതിക ശരീരം എപ്പോൾ നാട്ടിലെത്തുമെന്ന് ഉറപ്പാകാത്ത സാഹചര്യത്തിൽ കബറടക്ക സമയം നിശ്ചയിച്ചിട്ടില്ല.
Discussion about this post