ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ച ഉത്തരവ് ലഭിച്ചില്ലെന്ന് ന്യായീകരണം; പകൽക്കൊള്ള തുടർന്ന് സ്വകാര്യ ലാബുകൾ

covid19

തിരുവനന്തപുരം: കോവിഡ്19 തിരിച്ചറിയാനുള്ള ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതായുള്ള സർക്കാർ ഉത്തരവ് ലഭിച്ചില്ലെന്ന പേരിൽ 1700 രൂപ തന്നെ ഈടാക്കി സംസ്ഥാനത്തെ സ്വകാര്യ ലാബുകൾ. ഉത്തരവ് കിട്ടുന്നത് വരെ പരിശോധനയ്ക്ക് പഴയ നിരക്ക് തുടരുമെന്നാണ് ലാബുകൾ അറിയിച്ചിരിക്കുന്നത്. ഉത്തരവ് കിട്ടിയ ശേഷം കുറഞ്ഞ നിരക്ക് പ്രാബല്യത്തിലാക്കുമെന്നും സ്വകാര്യ ലാബുകൾ വ്യക്തമാക്കി.

അതേസമയം, ഉത്തരവ് വൈകുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. എത്രയും വേഗം ഉത്തരവ് പുറത്തിറക്കി ജനങ്ങളെ പകൽകൊള്ളയിൽ നിന്ന് രക്ഷിക്കണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. ആർടിപിസിആർ, ആന്റിജൻ ടെസ്റ്റുകളിൽ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്നും നിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് ഷാഫി പറമ്പിലും, കെഎസ് ശബരീനാഥനും ഹൈക്കോടതിയിൽ ഇന്നലെ ഹർജി നൽകിയിരുന്നു.

300 രൂപ ചെലവ് വരുന്ന ആർടിപിസിആർ ടെസ്റ്റിന് 1700 രൂപയും, 125 രൂപ ചിലവുള്ള ആന്റിജൻ പരിശോധനയ്ക്ക് 600 രൂപയും വാങ്ങുന്നുവെന്നും കോവിഡ് പരിശോധനാ നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം, ആർടിപിസിആർ നിരക്ക് സർക്കാർ കുറച്ചതുകൊണ്ട് കോടതിയിൽ അതുസംബന്ധിച്ച വാദങ്ങൾ അപ്രസക്തമാകുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.

സ്വകാര്യ ലാബുകളിലെ കൊവിഡ്19 ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ഇന്നലെ വൈകിട്ടാണ് അറിയിച്ചത്. ഐസിഎംആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആർടിപിസിആർ പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version