തൃശ്ശൂർ: കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയ കുഴൽപ്പണം കൊടകരയിൽ വെച്ച് വാഹനമിടിപ്പിച്ച് ഗുണ്ടാ സംഘം തട്ടിയെടുത്ത സംഭവത്തിൽ ആർഎസ്എസ്-ബിജെപി ബന്ധം പോലീസ് സ്ഥിരീകരിച്ചു. പണം കൊടുത്തുവിട്ട ധർമ്മരാജൻ ആർഎസ്എസ് പ്രവർത്തകനാണെന്ന് കേസന്വേഷിക്കുന്ന തൃശ്ശൂർ എസ്പി ജി പൂങ്കുഴലി പറഞ്ഞു. ഇയാൾക്ക് പണം കൈമാറിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്ന് വ്യക്തമായതായും എസ്പി പറഞ്ഞു.
പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് കോഴിക്കോട്ടെ അബ്കാരിയായ ധർമ്മരാജന്റെ ഡ്രൈവറാണ് കൊടകര പോലീസിൽ പരാതി നൽകിയത്. ഇതേത്തുടർന്ന് അന്വേഷണം നടത്തിയതിൽ കോഴിക്കോട് സ്വദേശിയും വ്യവസായിയുമായ ധർമ്മരാജന് ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിച്ച തുകയാണ് ഇതെന്നാണ് വിവരം.
ധർമ്മരാജന് രണം നൽകിയ സുനിൽ നായിക്കിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് പണം കൊടുത്തുവിട്ടത് ധർമ്മരാജൻ ആണെന്ന് ആദ്യമേ വ്യക്തമായിരുന്നു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സുനിൽ നായിക്കിനെ അന്വേഷണസംഘം ചോദ്യംചെയ്തു. ധർമ്മരാജനുമായി വർഷങ്ങളായുള്ള ബിസിനസ് ബന്ധമാണെന്നാണ് സുനിൽ നായിക് പോലീസിനോട് പറഞ്ഞത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
ധർമ്മരാജനേയും സുനിൽ നായ്ക്കിനേയും വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതിനിടെ കേസിൽ ഒരു പ്രതികൂടി പോലീസിന്റെ പിടിയിലായി. വെളയനാട് സ്വദേശി ഷുക്കൂറാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
Discussion about this post