കേരളത്തില്‍ എല്‍ഡിഎഫ് തരംഗം: പിണറായി സര്‍ക്കാറിന് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം എല്‍ഡിഎഫിനൊപ്പമെന്ന സൂചനകള്‍ നല്‍കി വിവിധ ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ഏകദേശം എല്ലാ എക്‌സിറ്റ് പോളുകളും എല്‍ഡിഎഫിന് വലിയ വിജയമാണ് പ്രവചിക്കുന്നത്.

ഇന്ത്യ ടുഡെ -എന്‍ഡിടിവി എക്‌സിറ്റ് പോള്‍, റിപ്പബ്ലിക് സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍, ടുഡേസ് ചാണക്യ തുടങ്ങിയ ദേശീയമാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത് പിണറായി സര്‍ക്കാര്‍ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ്.

ഇന്ത്യ ടുഡെ -എന്‍ഡിടിവി എക്‌സിറ്റ് പോള്‍:

എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ഭരണം നേടി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡെ -എന്‍ഡിടിവി എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍. കേരളത്തില്‍ എല്‍ഡിഎഫിന് 104-120 സീറ്റ് വരെ ലഭിക്കുമെന്നാണ് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ പോള്‍ സര്‍വ്വേഫലം പറയുന്നത്. 20-36 സീറ്റ് വരെ യുഡിഎഫിന് ലഭിക്കും.

കേരളത്തില്‍ എല്‍ഡിഎഫ് 71 മുതല്‍ 76 സീറ്റുകള്‍ വരെ നേടുമെന്നാണ് എന്‍ഡിടിവി സര്‍വേ ഫലം പറയുന്നത്.

റിപ്പബ്ലിക് സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍:

കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ലിക് സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ സര്‍വ്വേഫലവും പ്രവചിക്കുന്നത്. 72-80 വരെ സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് സര്‍വ്വേഫലം നല്‍കുന്ന സൂചന.

ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍:

104-120 സീറ്റുകളുമായി ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ തുടര്‍ഭരണം നേടുമെന്ന് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. യുഡിഎഫിന് 20-30 സീറ്റുകള്‍ ലഭിക്കും. എക്‌സിറ്റ് പോള്‍ അനുസരിച്ച് എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 47 ശതമാനവും യുഡിഎഫിന്റേത് 38 ശതമാനവും എന്‍ഡിഎ 12 ശതമാനവുമാണ്.

ടുഡേസ് ചാണക്യ:

കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ ഭരണം പ്രഖ്യാപിച്ച് ടുഡേസ് ചാണക്യയും. സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് 102 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. 9 സീറ്റുകള്‍ കൂടാനോ കുറയാനോ സാധ്യതയുണ്ട്. യുഡിഎഫ് 35 സീറ്റില്‍ ഒതുങ്ങും. ബിജെപിക്ക് മൂന്നുവരെ സീറ്റുകളാണ് ടുഡേസ് ചാണക്യ പ്രവചിക്കുന്നത്.

സിഎന്‍എക്‌സ്- റിപ്പബ്ലിക് എക്‌സിറ്റ് പോള്‍:

സിഎന്‍എക്‌സ്- റിപ്പബ്ലിക് എക്‌സിറ്റ് പോള്‍ ഫലവും എല്‍ഡിഎഫ് തുടര്‍ ഭരണമാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫ്- 72-80 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തും. യുഡിഎഫിന് 58-64 സീറ്റുകള്‍ നേടും. ബിജെപിക്ക് 1 മുതല്‍ 5 സീറ്റിന് സാധ്യത.

ആജ് തക്- ആക്‌സിസ് എക്‌സിറ്റ് പോള്‍:

കേരളത്തില്‍ എല്‍ഡിഎഫ് 104 മുതല്‍ 120 സീറ്റുകളില്‍ വരെ വിജയിക്കുമെന്ന് ആജ് തക്- ആക്‌സിസ് എക്‌സിറ്റ് പോള്‍ ഫലം. യുഡിഎഫ് 20-36 വരെ സീറ്റുകളില്‍ ഒതുങ്ങും. ബിജെപി 0-2 സീറ്റുകള്‍ വരെ നേടാം. മറ്റുള്ളവര്‍ 0-2 സീറ്റുകളില്‍ ജയിക്കാന്‍ സാധ്യതയെന്നും പ്രവചിക്കുന്നു.

എബിപി സി വോട്ടര്‍ എക്‌സിറ്റ് പോള്‍:

എല്‍ഡിഎഫ് 71-77 വരെ സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തും. യുഡിഎഫ് 62-68 സീറ്റുകള്‍ വരെ നേടും. ബിജെപി 0-2 വരെ സീറ്റുകളില്‍ വിജയിച്ചേക്കാം.

പോള്‍ ഡയറി എക്‌സിറ്റ് പോള്‍:

പോള്‍ ഡയറി എക്‌സിറ്റ് പോള്‍ ഫലം എല്‍ഡിഎഫിന് 77-87 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. യുഡിഎഫ് 51- 61വരെ സീറ്റു നേടും. എന്‍ഡിഎ 2-3 സീറ്റുകളും മറ്റുള്ളവര്‍ 0-2 സീറ്റുകളും നേടും.

Exit mobile version