ചെന്നൈ: കൊവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം നടത്തിയതിന് നടന്‍ മന്‍സൂര്‍ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പിന് പിഴ അടയ്ക്കാനാണ് കോടതി ഉത്തരവ്. മന്‍സൂര്‍ അലി ഖാന് കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ചു.
തമിഴ് സിനിമ നടന്‍ വിവേക് ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോഴായിരുന്നു മന്‍സൂര്‍ അലി ഖാന്റെ അഭിപ്രായ പ്രകടനം. കൊവിഡ് വാകസിനെടുത്തതിനെ തുടര്‍ന്നാണ് നടന്‍ വിവേകിന് ഹൃദയാഘാതമുണ്ടായതെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്നും നടന്‍ പറഞ്ഞിരുന്നു. കൊവിഡ് എന്നൊന്ന് ഇല്ലെന്നും ടെസ്റ്റുകള്‍ നിര്‍ത്തിയാല്‍ ആ നിമിഷം കൊവിഡ് ഇന്ത്യയില്‍ കാണില്ലെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നു.
‘ഇവിടെ ചോദിക്കാനും പറയാനും ഉത്തരവാദിത്തപ്പെട്ടവരില്ലേ? എന്തിനാണ് നിര്‍ബന്ധിച്ച് കൊവിഡ് വാക്‌സിന്‍ എടുപ്പിക്കുന്നത്? കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് ആര്‍ക്കെങ്കിലും അറിയാമോ? വിവേകിന് ഒരു കുഴപ്പവുമില്ലായിരുന്നു. കൊവിഡ് വാക്‌സിന്‍ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ പറയുന്നുണ്ട്- ഇവിടെ കൊവിഡ് ഇല്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. പരിശോധന അവസാനിപ്പിക്കുന്ന ആ നിമിഷം കൊവിഡ് ഇന്ത്യയില്‍ കാണില്ല ‘- ഇങ്ങനെയായിരുന്നു മന്‍സൂര്‍ അലി ഖാന്റെ പ്രസ്താവന.
പ്രസ്താവന കേസ് ആയതോടെ, കൊവിഡ് വാക്‌സിനേഷനെതിരെ അഭിപ്രായ പ്രകടനം നടത്തിയത് വികാരത്തള്ളിച്ച കൊണ്ടായിരുന്നുവെന്ന് നടന്‍ മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നു. പൊതു സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാനോ ആരെയെങ്കിലും വേദനിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും മദ്രാസ് ഹൈകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മന്‍സൂര്‍ അലി ഖാന്‍ അറിയിച്ചു. ഹര്‍ജി പരിഗണിച്ച കോടതി നടന് ജാമ്യം അനുവദിക്കുകയും രണ്ട് ലക്ഷം പിഴ വിധിക്കുകയുമായിരുന്നു.