കാക്കനാട്: സനുമോഹൻ മകളെ കൊലപ്പെടുത്തിയത് വിവരിക്കുന്നത് കേട്ട് കുഴഞ്ഞുവീണ് വൈഗയുടെ അമ്മ. പ്രതിയും വൈഗയുടെ അച്ഛനുമായ സനു മോഹനെ ചോദ്യം ചെയ്യുന്നതിനിടെയാണ് രമ്യ കുഴഞ്ഞുവീണത്. രമ്യയുടെ സാന്നിധ്യത്തിൽ നടന്ന ചോദ്യം ചെയ്യലിൽ മകളെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് സനു മോഹൻ വിവരിക്കുകയായിരുന്നു. ഇതുകേട്ട് സഹിക്കാനാകാതെ രക്തസമ്മർദം കുറഞ്ഞ് രമ്യ തളർന്ന് വീഴുകയായിരുന്നു.
തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് രമ്യയെ സനുവിനൊപ്പം ചോദ്യം ചെയ്തത്. ആദ്യമെല്ലാം ചോദ്യങ്ങൾക്ക് മറുപടി നൽകാതെ തല താഴ്ത്തിയിരിക്കുകയായിരുന്ന സനു മോഹൻ പിന്നീട് ഒടുവിലാണ് ഭാര്യയ്ക്ക് മുന്നിൽ കുറ്റം ഏറ്റുപറഞ്ഞത്.
തൃക്കാക്കര എസിപി ആർ ശ്രീകാന്തിന്റെ നേതൃത്വത്തിൽ രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടുവരെ നീണ്ടു. രമ്യയുടെ പിതാവിനെയും കേസിൽ മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയിരുന്നു.
അതേസമയം, സനു മോഹന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന് മഹാരാഷ്ട്ര പോലീസ് കൊച്ചിയിൽ എത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ ബിസിനസ് ചെയ്തിരുന്ന സനു മോഹനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസുള്ള സാഹചര്യത്തിലാണിത്.