കൊച്ചി: ഏറെ സങ്കീർണതകളും ശാരീരിക അവസ്ഥകളുമെല്ലാം വിലങ്ങുതടിയാവുമെന്ന് എല്ലാവരും വിധിയെഴുതിയെങ്കിലും സുധർമ പിന്മാറിയില്ല. 71ാം വയസിൽ പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് ഇവർ. കുഞ്ഞിനെ കൈകളിൽ ഏറ്റുവാങ്ങി നിറഞ്ഞമിഴികളോടെ ശ്രീലക്ഷ്മിയെന്ന് പേര് ചൊല്ലി വിളിച്ച് സുധർമയും ഭർത്താവും കുഞ്ഞിനെ നെഞ്ചോട് ചേർത്തു.
കായംകുളം രാമപുരം എഴുകുളങ്ങര വീട്ടിൽ സുധർമയാണ് 71ാം വയസ്സിൽ പെൺകുഞ്ഞിനു ജന്മംനൽകിയിരിക്കുന്നത്. ഒന്നര വർഷം മുമ്പ് ഏക മകനെ നഷ്ടപ്പെട്ടതോടെയാണ് ഇനിയൊരു കുഞ്ഞുകൂടി ജീവിതത്തിലേക്ക് വരണമെന്ന് സുധർമയും ഭർത്താവ് സുരേന്ദ്രനും തീരുമാനിച്ചത്. മകൻ 35കാരനായ സുജിത്ത് സൗദിയിലെ ജോലിക്കിടെയാണ് മരണപ്പെട്ടത്. ഏറെ ഓമനിച്ച് വളർത്തിയ മകൻ നഷ്ടപ്പെട്ടതോടെ ഒരു കുഞ്ഞിനു ജന്മം നൽകുന്നതിനെപ്പറ്റി സൂധർമ സുരേന്ദ്രനോട് സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പൂർണപിന്തുണ കൂടി ലഭിച്ചതോടെ കൃത്രിമ ഗർഭധാരണം എന്ന ആവശ്യവുമായി സുധർമ ഡോക്ടറെ കാണാനായി പുറപ്പെട്ടു. ഇത്രയും കൂടിയ പ്രായത്തിൽ ഒരു കുഞ്ഞിനു ജന്മംനൽകുന്നത് വലിയ വെല്ലുവിളിയാണെന്ന് ആവർത്തിച്ച് ഡോക്ടർമാർ ആവശ്യത്തെ എതിർത്തു. എങ്കിലും സുധർമ ഉറച്ചു നിന്നു.
ഒടുവിൽ കൃത്രിമ ഗർഭധാരണത്തിലൂടെ ഗർഭം ധരിച്ച സുധർമ കുഞ്ഞിന് 32 ആഴ്ച വളർച്ച എത്തിയപ്പോഴാണ് സിസേറിയനിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയത്. മാർച്ച് 18നു ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികാ കരുണാകരന്റെ നേതൃത്വത്തിലാണ് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. ജനിക്കുമ്പോൾ 1100 ഗ്രാംമാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിനെ ന്യൂ ബോൺ ഐസിയുവിൽ പ്രവേശിപ്പിച്ച് പരിപാലിക്കുകയായിരുന്നു. കുഞ്ഞിനു 1350 ഗ്രാം തൂക്കമായപ്പോഴാണ് ഡോക്ടർമാർ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽനിന്നു വീട്ടിലേക്കയച്ചത്.
സുധർമയെയും കുഞ്ഞിനെയും പരിചരിച്ചത് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ ജയറാം ശങ്കറും മേരി പ്രവീണും ശ്രീലതയും ലത ബാബുക്കുട്ടിയും വിബി മേരിയും നന്ന ചന്ദ്രനുമൊക്കെ ചേർന്നാണ്.
Discussion about this post