തട്ടിക്കൊണ്ടുപോയെന്നത് നാടകം; ഒരു മാസം മുന്‍പ് വിവാഹ ദിവസം കാണാതായ വരന്‍ പിടിയില്‍; ജെസിമിനെ പിടികൂടിയത് മോഷ്ടിച്ച ബൈക്കുമായി, സംഭവം ഇങ്ങനെ

Groom Missing | Bignewslive

പൂച്ചാക്കല്‍; ഒരു മാസം മുന്‍പ് വിവാഹ ദിവസം വരനെ തട്ടിക്കൊണ്ടുപോയതായി ആരോപണത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ കാണാതായ വരനെ പിടികൂടിയതിന് പിന്നാലെയാണ് ട്വിസ്റ്റ് വെളിപ്പെട്ടത്. 28കാരനായ പൂച്ചാക്കല്‍ ചിറയില്‍ ജെസിമിനെ ഇടുക്കി ജില്ലയിലെ രാജകുമാരിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടക്കവയൊണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ മാര്‍ച്ച് 21-നായിരുന്നു ജെസിമും വടുതല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍, വിവാഹദിവസം രാവിലെ വരനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വിവാഹം മുടങ്ങി. വിവാഹം മുടങ്ങിയ മനോവിഷമത്താല്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ മനംനൊന്ത് മരിച്ചിരുന്നു. തന്നെയാരോ തട്ടിക്കൊണ്ടുപോയതാണെന്നു കാണിച്ചുള്ള ശബ്ദസന്ദേശം ജെസിം കൂട്ടുകാര്‍ക്ക് അയച്ചിരുന്നു. ശേഷം, ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൂച്ചാക്കല്‍ പോലീസ് കേസെടുത്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷത്തില്‍ ഇയാള്‍ കണ്ണൂര്‍, തൃശ്ശൂര്‍, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂര്‍, തമിഴ്‌നാട്ടിലെ കമ്പം, മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്പത്തൂര്‍, ഊട്ടി, കര്‍ണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചതായി പോലീസ് കണ്ടെത്തി. പിടിക്കാതിരിക്കാന്‍ നാലു തവണ ഫോണും സിംകാര്‍ഡും മാറ്റിയായിരുന്നു ഒളിവില്‍ കഴിഞ്ഞത്. എന്നാല്‍ പിടിവീഴുകയായിരുന്നു. വിവാഹത്തിനു താത്പര്യമില്ലാത്തതു കൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയി എന്ന ശബ്ദസന്ദേശമിട്ടത് പോലീസിനെ കബളിപ്പിക്കാനാണെന്നും ഇയാള്‍ മൊഴി നല്‍കി.

Exit mobile version