‘അയാള്‍ പെട്ടെന്ന് ട്രെയിനിന്റെ വാതില്‍ അടച്ചു, സ്‌ക്രൂ ഡ്രൈവര്‍ കാണിച്ചു ഭീഷണിപ്പെടുത്തി മാലയും വളയും കവര്‍ന്നു, പിന്നീട് മുടിയില്‍ പിടിച്ച് ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചിഴച്ചു’

മുളന്തുരുത്തി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച് യുവതിക്ക് നേരിടേണ്ടി വന്നത് ഭീതിപ്പെടുത്തുന്ന ആക്രമം. മുളന്തുരുത്തി സ്‌നേഹനഗര്‍ രാഹുലിന്റെ ഭാര്യ ആശ(31)യ്ക്കാണ് ആക്രമണം നേരിടേണ്ടിവന്നത്. അക്രമത്തിനിടെ ട്രെയിനില്‍ നിന്ന് വീണ ആശയ്ക്ക് തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കുണ്ട്. അതേസമയം യുവതിയെ ആക്രമിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് പ്രതിയെന്നാണ് പോലീസ് നല്‍കുന്ന സൂചന.

കോച്ചില്‍ യുവതി ഒറ്റക്കായിരുന്നപ്പോള്‍ പ്രതി കോച്ചിലേക്ക് കടക്കുകയും തുടര്‍ന്ന് വാതില്‍ അടയ്ക്കുകയുമായിരുന്നു. ഇക്കാര്യം ആശ സഹോദരിയെ വിളിച്ചു പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനു ശേഷം പ്രതി അടുത്തു ചെന്നു ഫോണ്‍ വാങ്ങി പുറത്തേക്കെറിയുകയും സ്‌ക്രൂ ഡ്രൈവര്‍ കാണിച്ചു ഭീഷണിപ്പെടുത്തി മാലയും വളയും പിടിച്ചുപറിക്കുകയും ചെയ്തത്. സ്‌ക്രൂഡ്രൈവര്‍ കാണിച്ചു ഭീഷണിപ്പെടുത്തി ഓരോ പവന്‍ വീതമുള്ള സ്വര്‍ണ മാലയും വളയും കവര്‍ന്നു.

എന്നാല്‍ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണു യുവതി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. കവര്‍ച്ചക്ക് ശേഷം യുവതിയുടെ മുടിയില്‍ പിടിച്ച്, ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചിഴച്ചു. എന്നാല്‍ ഇത് തടുത്ത യുവതി ട്രെയിനിന്റെ വാതിലിന് സമീപത്തേക്ക് വന്നു. അക്രമത്തില്‍ നിന്നും രക്ഷപെടാനായി ഓടുന്ന ട്രെയിനിന്റെ വാതില്‍പ്പിടിയില്‍ പിടിച്ചു കുറച്ചു നേരം പുറത്തേക്കു തൂങ്ങിക്കിടന്നു.

എന്നാല്‍ അക്രമി കൈകള്‍ വിടുവിച്ചതോടെ യുവതി പുറത്തേക്കു വീണു. 10 മിനിറ്റിലാണ് സംഭവങ്ങളെല്ലാം നടന്നത്.കാഞ്ഞിരമറ്റം, പിറവം റോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ഒലിപ്പുറം പാലത്തിനു സമീപമാണു യുവതി വീണത്.

റെയില്‍വേ ട്രാക്കില്‍ വീണു കിടന്ന യുവതിയെ നാട്ടുകാരാണു കണ്ടെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയുടെ ചിത്രം യുവതി തിരിച്ചറിഞ്ഞതോടെയാണ്
ബാബുക്കുട്ടനാണു പ്രതിയെന്നു കണ്ടെത്തിയത്. നേരത്തേയും ഇയാള്‍ പല കേസുകളിലും പ്രതിയാണ്.

Exit mobile version