മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വിവി പ്രകാശ്(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്.
വിവി പ്രകാശിനെ രാത്രി ഹൃദയാഘാതത്തെ തുടർന്ന് എടക്കരയിലെ വീട്ടിൽനിന്ന് സമീപത്ത് തന്നെയുള്ള ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നിലമ്പൂരിൽ നഷ്ടപ്പെട്ട സീറ്റ് വിവി പ്രകാശിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്ന കോൺഗ്രസ് പ്രവർത്തകർക്ക് വലിയ ഞെട്ടലായിരിക്കുകയാണ് ഈ വിയോഗം. തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ വിവി പ്രകാശിനെ നഷ്ടപ്പെട്ടത് വിശ്വസിക്കാനാകുന്നില്ല പാർട്ടി നേതൃത്വത്തിനും.
കർഷകനായിരുന്ന കുന്നുമ്മൽ കൃഷ്ണൻ നായർ സരോജിനി അമ്മ ദമ്പതികളുടെ മകനായി എടക്കരയിലാണ് വിവി പ്രകാശിന്റെ ജനനം. ഹൈസ്‌കൂൾ പഠനകാലത്തു തന്നെ കെഎസ്‌യു പ്രവർത്തകനായ വിവി പ്രകാശ് ഏറനാട് താലൂക്ക് ജനറൽ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
Discussion about this post