മാന്നാര്‍: കര്‍ഷകന്റെ ആത്മധൈര്യം കൊണ്ട് തിരിച്ചു കിട്ടിയത് രണ്ട് ജീവനുകള്‍. പുഴയിലേക്ക് മുങ്ങിത്താണ ലോറിയില്‍ നിന്ന് ഡ്രൈവറെയും ചുമട്ട് തൊഴിലാളിയെയും കര്‍ഷക തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി പ്രബിന്ദ് ഭവനത്തില്‍ പ്രസാദ്, പാമ്പനം ചിറയില്‍ ജെ ബെന്നി, ജെ അനി എന്നിവരാണ് വെള്ളത്തില്‍ മുങ്ങിയ ഡ്രൈവര്‍ മോഹന്‍ദാസിനെയും ചുമട്ട് തൊഴിലാളി സിബിയെയും രക്ഷപ്പെടുത്തിയത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് 145 ക്വിന്റലോലോളം വരുന്ന നെല്ലുമായി ലോറി പാമ്പനം ചിറ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ റോഡിന്റെ വശം ഇടിഞ്ഞ് നെല്ലും ലോറിയും ആറ്റിലേക്ക് പതിക്കുകയായിരുന്നു. പ്രദേശവാസികളുടെ കൂട്ടനിലവിളി കേട്ട് പാടത്ത് നെല്ല് നിറച്ചുകൊണ്ടിരുന്ന കര്‍ഷക തൊഴിലാളികളായ പ്രസാദ്, ബെന്നി, അനി എന്നിവര്‍ ഓടിയെത്തി.
ഇവര്‍ എത്തുമ്പോള്‍ ജലനിരപ്പ് ഉയര്‍ന്ന പുത്തനാറ്റില്‍ ലോറി പൂര്‍ണമായി താഴ്ന്നിരുന്നു. ഇതിനകത്ത് ആളുകള്‍ ഉണ്ടെന്ന് അറിഞ്ഞതോടെ കര്‍ഷകര്‍ ആറ്റിലേക്ക് ചാടി. തുടര്‍ന്ന് ആദ്യം ലോറിയില്‍ നിന്നും ആറ്റിലേക്ക് ചാടിയ സിബിയെ രക്ഷപ്പെടുത്തി. പിന്നീട് മൂവരും ആറിന്റെ അടിത്തട്ടിലേക്ക് മുങ്ങിയാണ് ഡ്രൈവറായ മോഹന്‍ദാസിനെ ലോറിക്കുള്ളില്‍ നിന്നും വലിച്ചെടുത്ത് പുറത്തെത്തിച്ചത്.
വെള്ളം കുടിച്ച് ബോധമറ്റ മോഹന്‍ദാസിനെ ഹരിപ്പാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും രണ്ട് ജീവനുകള്‍ മരണത്തിന്റെ പിടിയിയില്‍ നിന്നു കരങ്ങളാല്‍ കോരിയെടുത്തതിന്റെ സന്തോഷത്തിലാണ് മൂവരും.
Discussion about this post