തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ വിതരണം വിപുലീകരിക്കാന്‍ സ്വന്തം നിലയ്ക്ക് കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങി കേരളം. ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങും. ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ മെയ് ഒന്നാം തിയതിക്കുള്ളില്‍ പത്ത് ലക്ഷം ഡോസ് വാങ്ങും. ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗത്തിലാണ് തീരുമാനം.കൂടുതല്‍ വാക്‌സിനായി കേന്ദ്രത്തോട് നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും കാര്യമായ പ്രതികരണം ഇല്ലാതെ വന്നതോടെയാണ് സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങാനുള്ള നടപടികള്‍ സംസ്ഥാനം വേഗത്തിലാക്കിയത്.
70 ലക്ഷം ഡോസ് കൊവിഷീല്‍ഡും 30 ലക്ഷം ഡോസ് കൊവാക്‌സിനും വാങ്ങാനാണ് തീരുമാനം. സംസ്ഥാനത്ത് രോഗ വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി വില നോക്കാതെ വാക്‌സിന്‍ വാങ്ങാനാണ് നീക്കം. ഇതോടൊപ്പം കേന്ദ്രസര്‍ക്കാരില്‍ നിന്നും കൂടുതല്‍ സൗജന്യവാക്‌സിന്‍ നേടിയെടുക്കാനുള്ള സമ്മര്‍ദ്ദവും സംസ്ഥാനം തുടരും.
വാക്‌സിന്‍ വാങ്ങുന്നതിന് പ്രത്യേകമായി പണം കണ്ടെത്തും. വിവിധ വകുപ്പുകളിലെ ഫണ്ടുകള്‍ വാക്‌സിന്‍ വാങ്ങാനായി ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനോടൊപ്പം സിഎംഡിആര്‍എഫിലെ വാക്‌സിന്‍ ചലഞ്ചിലെ ഫണ്ട് കൂടി ഉപയോഗിക്കും.
അതേസമയം സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൗണ്‍ വേണ്ട എന്നാണ് തീരുമാനം. 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ വേണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നിലവില്‍ നടപ്പാക്കേണ്ടതില്ല എന്ന നിലപാടിലാണ് കേരളം.