’91ലെ പ്രളയകാലത്ത് ഗവണ്മെന്റിനൊപ്പം അണിനിരന്ന ഡിവൈഎഫ്‌ഐക്ക് മുഖ്യമന്ത്രിയെ കാണുവാൻ അനുമതി ആവശ്യം ഇല്ല’; പിരിച്ചെടുത്ത പണം കരുണാകരൻ സ്വീകരിച്ച കഥ പറഞ്ഞ് പഴയ ഡിവൈഎഫ്‌ഐക്കാരൻ

cb chandrababu balachandran

തിരുവനന്തപുരം: 1991ലെ പ്രളയകാലത്ത് ഡിവൈഎഫ്‌ഐ മുൻകൈയ്യെടുത്ത് ഹുണ്ടിക പിരിവ് നടത്തി സമാഹരിച്ച തുക അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് സമർപ്പിച്ച അനുഭവ കഥ ഓർത്തെടുത്ത് പഴയ ഡിവൈഎഫ്‌ഐ നേതാവും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ സിബി ചന്ദ്രബാബു.

പ്രതിസന്ധികാലത്ത് സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിച്ച ഡിവൈഎഫ്‌ഐ ഭാരവാഹികളെ മുൻകൂർ അനുമതി വാങ്ങാതെ തന്നെ കാണാൻ അനുവദിക്കുകയും അഭിനന്ദിക്കുകയും ചെയ്ത കരുണാകരനെ കുറിച്ചാണ് ഫേസ്ബുക്കിലെ ഈ കുറിപ്പ്. വാക്‌സിൻ ചലഞ്ചിനെ എതിർക്കുന്ന ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾക്കുള്ള ഓർമ്മപ്പെടുത്തലാണ് ഇതെന്ന് ചന്ദ്രബാബു പറയുന്നു.

കെബി ചന്ദ്രബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഒരു പഴയ ചിത്രമാണ്.
ഇത്തരം ചിത്രങ്ങൾ ഒന്നും എൻ്റെ പക്കൽ ഇല്ല.DYFI യിൽ പ്രവർത്തിക്കുമ്പോൾ സഹപ്രവർത്തകനായിരുന്ന ഒരു സഖാവ് ഇന്ന് അയച്ചു തന്നതാണ്.1991ൽ സംസ്ഥാനത്ത് വലിയ നാശം വിതച്ച പ്രളയകെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുവാൻ DYFI സംസ്ഥാനത്തു നിന്ന് ഹുണ്ടികപിരിവ് വഴി ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്ന ചടങ്ങാണിത്.
സെക്രട്ടറിയറ്റിലെ ഓഫീസിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെയാണ് ഏതാനും ലക്ഷങ്ങൾ വരുന്ന തുക ഏൽപ്പിച്ചത്. എസ്.ശർമ്മ,കടകംപള്ളി സുരേന്ദ്രൻ, മുത്തു എന്നിവരാണ് കൂടെയുള്ളത്.മുഖ്യമന്ത്രിയുടെ മറയിൽ നിൽക്കുന്നത് മന്ത്രിയും യൂത്ത് കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന പന്തളം സുധാകരനാണ്.
ഈ കൂടിക്കാഴ്ച എന്നും ഓർമ്മയിൽ നിൽക്കാൻ ചില കാരണങ്ങൾ ഉണ്ട്. സംഭവദിവസം മുഖ്യമന്ത്രി യെ നേരിൽ കാണുന്നതിന് പേഴ്സണൽ സ്റ്റാഫിലെ ഒരു പ്രമുഖൻ വഴി അനുമതി വാങ്ങിയാണ് ചെന്നത്.ഞങ്ങൾ ചെല്ലുമ്പോൾ അനുമതി തന്നയാൾ സ്ഥലത്തില്ല. മറ്റൊരു പ്രമുഖനെ സമീപിച്ച് കാര്യം ധരിപ്പിച്ചു.
സി.എം.വളരെ തിരക്കിലാണ് ഒരു തരത്തിലും കാണാൻ അനുവദിക്കില്ല എന്നായി അദ്ദേഹം. കുറച്ചു സമയം അവിടെ ചുറ്റിപ്പറ്റി നിന്നിട്ട് മടങ്ങി DYFI ഓഫീസിൽ എത്തി.മൊബൈലൊന്നുമില്ലാത്ത കാലമാണ്.എന്നാൽ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ഒരു ഹോട്ട്‌ലൈൻ ഫോണുണ്ടെന്ന് എവിടെയോ വായിച്ച ഒരോർമ്മ ശർമ്മയെ ധരിപ്പിച്ചു.നമ്പർ സംഘടിപ്പിച്ച് ലാൻ്റ് ഫോണിൽ കറക്കി.മറുഭാഗത്ത് മുഖ്യമന്ത്രി ഫോണിൽ വന്നു.സെക്രട്ടറിയറ്റിൽ വന്ന് കാണാൻ കഴിയാതെ മടങ്ങിയ കാര്യം പറഞ്ഞു.ഇപ്പോൾ നിങ്ങൾ എവിടെയാണ് മറുഭാഗത്ത് നിന്നാരാഞ്ഞു.DYFI ഓഫീസിലാണെന്ന് ശർമ്മ പറഞ്ഞു. ഒരു വാഹനം അവിടെ വരും അതിൽ കയറി ഓഫീസിലേക്ക് എത്താൻ നിർദേശിച്ചു.
ഏതാനും മിനിറ്റിനകം സർക്കാർ ബോർഡുള്ള വണ്ടി വന്നോ.രാജകീയമായി വീണ്ടും സെക്രട്ടറിയറ്റിലേക്ക്.നോർത്ത് ബ്ലോക്ക് മുതൽ പോലീസ് അകമ്പടിയോടെ സി.എം.ൻ്റെ ഓഫീസിലേക്ക്.
ആഫീസിലും പരിസരത്തുമുള്ളവർ അത്ഭുതത്തോടെ വഴിതരുന്നു.ലേശം ഗമയിൽ തന്നെ അകത്തു കയറി.ഞങ്ങളെ കണ്ടതും ഉഗ്രപ്രതാപിയായ കെ.കരുണാകരൻ എണീറ്റ് നിന്ന് സ്വീകരിച്ചു. സംഭാവനതുകയുടെ ചെക്കും കൂടെയുള്ള കത്തും വായിച്ചു. തുടർന്ന് പറഞ്ഞു, DYFI ഭാരവാഹികൾക്ക് കേരളത്തിലെ മുഖ്യമന്ത്രിയെ കാണുവാൻ മുൻകൂർ അനുമതിയുടെ ആവശ്യം ഇല്ല. കേരളം ഒരു വലിയ പ്രതിസന്ധി തരണം ചെയ്യാൻ ശ്രമിക്കുമ്പോൾ ഗവണ്മെൻ്റിനൊപ്പം സേവനസന്നദ്ധരായി അണിനിരന്നവരാണ് നിങ്ങൾ. ആ മഹത്വമുള്ളവർക്ക് ഈ വാതിൽ തുറന്ന് എപ്പോൾ വേണമെങ്കിലും കടന്നുവരാം.കൂടെ ഇതു കണ്ട് പഠിക്കുവാൻ പന്തളംസുധാകരനോട് ഒരുപദേശവും.
വാക്സിൻ ചലഞ്ചിനോടോം കോവിഡ് പ്രതിരോധപ്രവർത്തനങ്ങളൊടും ചിലർ സ്വീകരിക്കുന്ന നിലപാട് കണ്ടപ്പോൾ ഇത്രയും പറയാൻ തോന്നിയതാണ്.DYFI അതിൻ്റെ ചരിത്രത്തിൽ ഏറ്റവും ശക്തമായി ഏറ്റുമുട്ടിയ ഭരണാധികാരിയായിരുന്നു കെ.കരുണാകരൻ. എന്നാൽ ദുരിതകാലത്ത് ഒന്നിച്ച് നിൽക്കണമെന്നതാണ് DYFI നിലപാട്

Exit mobile version