തൃശ്ശൂർ: കോവിഡ് വാക്സിന് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വിലയീടാക്കുന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന് വ്യക്തിഹത്യ നടത്തുന്ന വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർക്ക് മറുപടിയുമായി സിപിഎം നേതാവ് എംബി രാജേഷ് രംഗത്ത്.
നികുതിപ്പണം കൊണ്ടുണ്ടാക്കുന്ന വാക്സിൻ സൗജന്യമാക്കണമെങ്കിൽ പിന്നെ നികുതി പണം കൊടുത്ത് വാങ്ങിയ കെഎസ്ആർടിസിയിൽ ടിക്കറ്റ് എടുക്കുന്നത് എന്തിനാ എന്നൊക്കെയുള്ള തനി തറ താർക്കിക കുയുക്തിയാണ് ശ്രീജിത്ത് പണിക്കരുടെ കൈമുതലെന്ന് എംബി രാജേഷ് വിമർശിക്കുന്നു. അതുകേട്ട് കിടുവേ എന്ന് അഭിനന്ദിക്കുന്ന ചാണകവരട്ടിത്തലകളാണ് ശക്തി. ആ തലകൾ തിങ്ങിയ സംഘി രാജ്യത്തെ മുറിമൂക്കനാണ് കക്ഷിയെന്നും ഉള്ളിലെ സംഘി സ്വത്വം മറനീക്കി പുറത്തെത്തിയെന്നും എബി രാജേഷ് ചൂണ്ടിക്കാണിക്കുന്നു. സംഘിയാണ്. വിവരക്കേടും അഹന്തയുമാണ് അലങ്കാരം. ഗൂഗിൾ മാത്രമാണശ്രയം. അതു വെച്ചുള്ള ലാട വൈദ്യം മാത്രമേ കയ്യിലിരുപ്പായിട്ടുള്ളൂവെന്നും എംബി രാജേഷ് വിമർശിക്കുന്നു.
നാട്യ പ്രമാണിയാണ്. WHO മുതൽ മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി വരെയുള്ളവരുടെ കണക്കുകളും വിമർശനങ്ങളുമല്ല താൻ പറയുന്നതാണ് ശരി എന്നൊക്കെയാണ് ഭാവം.ഭജന സംഘത്തിന്റെ വാഴ്ത്തു പാട്ടിലും പിന്നെ സ്വയം അഭിനന്ദിക്കുന്നതിലുമാണ് ആത്മഹർഷം.മാനായും മാരീചനായും (രാക്ഷസൻ ) പ്രത്യക്ഷപ്പെട്ട് കബളിപ്പിക്കുന്നവനെന്ന് കളിയാക്കിയാൽ അതുമെന്റെ കഴിവാണെന്ന് ഊറ്റം കൊള്ളുന്നവനാണ്. മുറി മൂക്കൻ രാജാവെന്ന് പരിഹസിച്ചാൽ അവിടേയും രാജാവാണല്ലോ എന്ന് അഭിമാനിച്ചു കളയും. എവിടെ മുളച്ച ആലാണെങ്കിലും അതിൽ ഊഞ്ഞാലുകെട്ടിയാടുന്നവനാണ്. -രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചതിങ്ങനെ.
എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഇന്ന് തന്നെ രൊക്കം. ഇന്നലെ രാത്രി ‘യാരോ ഒരാൾ ‘ ടൈം ഔട്ട് വിളിച്ചിരുന്നുവത്രേ. സൂര്യാസ്തമയം കഴിഞ്ഞാൽ പോസ്റ്റിടരുതത്രേ. സൂര്യോദയവും സൂര്യനമസ്കാരവും കഴിഞ്ഞ് പകൽ വെളിച്ചത്തിലേ ടിയാന് പറയാൻ പാങ്ങുള്ളൂവത്രേ. ഗൂഗിളിൽ തപ്പി രാത്രി മുഴുവൻ ഉറക്കമൊഴിച്ച് കാണാതെ പഠിക്കാനായിരിക്കും വോളിബോളിലെപ്പോലെ ടൈം ഔട്ട് വിളിച്ചത്. അതോ രാത്രി പത്തു മണി കഴിഞ്ഞപ്പോഴേക്കും ‘രായേഷ് ‘എന്നൊക്കെ അക്ഷരങ്ങൾ വഴുക്കി തുടങ്ങിയതുകൊണ്ടായിരിക്കുമോ?
ആ എന്തെങ്കിലുമാവട്ടെ. നല്ല പകൽ വെളിച്ചത്തിൽ, പ്രാതലിനു ശേഷം ഊണാവും മുമ്പ് തന്നെ ഇതിരിക്കട്ടെ. വിവരക്കേടിൻ്റെ ഉത്തുംഗശൃംഗത്തിലാണ് സ്ഥിരവാസം .പൊങ്ങച്ചവും പരപുഛവുമാണ് സ്ഥായീഭാവം. പറയുന്നത് വിവരക്കേടാണെന്ന് പോലും തിരിച്ചറിയാനാവാത്ത അന്തമെഴാത്തതാം ആത്മവിശ്വാസമാണ് കൈമുതൽ. അവഗണിക്കേണ്ടതാണ്. സഹതപിക്കേണ്ടതുമാണ്. വാക്സിൻ കണ്ടു പിടിച്ചിട്ടില്ലാത്ത വെളിവുകേടിനോട് തർക്കിക്കൽ പാഴ്വേലയാണെന്ന് പലരും പറയുന്നത് കേൾക്കാത്തതല്ല. പക്ഷേ ഈ ഒറ്റത്തവണ തീർപ്പാക്കലോടു കുടി നിർത്തിയേക്കാം.
1. നികുതിപ്പണം കൊണ്ടുണ്ടാക്കുന്ന വാക്സിൻ സൗജന്യമാക്കണമെങ്കിൽ പിന്നെ KSRTC യിൽ ടിക്കറ്റ് എടുക്കുന്നത് എന്തിനാ എന്നൊക്കെയുള്ള തനി തറ താർക്കിക കുയുക്തിയാണ് കയ്യിലുള്ളത്.അതു കേട്ട് കിടുവേ എന്ന് അഭിനന്ദിക്കുന്ന ചാണകവരട്ടിത്തലകളാണ് ശക്തി. ആ തലകൾ തിങ്ങിയ സംഘി രാജ്യത്തെ മുറിമൂക്കനാണ് കക്ഷി.
പാൻഡെമിക് ആണ്. ദശ ലക്ഷങ്ങൾ രോഗബാധിതരാണ്. ആയിരങ്ങൾ പ്രതിദിനം മരിക്കുകയാണ്.10 ശതമാനത്തിനു പോലും വാക്സിൻ ലഭിച്ചിട്ടില്ല. ദരിദ്ര ജന കോടികൾക്ക് വില താങ്ങില്ല. വാക്സിനേഷൻ മാത്രമാണ് ഈ മനുഷ്യ ജീവനുകൾ രക്ഷിക്കാനും ദുരന്തത്തെ നേരിടാനുള്ള ആത്യന്തിക പോംവഴി.അപ്പോഴാണ് ജീവൻ രക്ഷാ വാക്സിൻ സൗജന്യമാക്കണമെന്ന മനുഷ്യത്വപരവും ജനാധിപത്യപരവുമായ ആവശ്യം KSRTC ടിക്കറ്റുമായി താരതമ്യം ചെയ്യുന്നത്. മിനിമം ബോധമുള്ളവരാരെങ്കിലും ഈ വിഡ്ഡിച്ചോദ്യം ചോദിക്കാൻ ധൈര്യപ്പെടുമോ?
2.ജീവൻ രക്ഷാ മരുന്നുകളുടെ വിൽപ്പനയിലൂടെ കൊള്ളലാഭമുണ്ടാക്കുന്നത് പൈശാചിക നടപടിയാണെന്ന് പറഞ്ഞത് സുപ്രീം കോടതിയാണ്.( സൈനയിഡ് ഇന്ത്യാ കേസ് 1997) വല്ലതും കേട്ടിട്ടുണ്ടോ പണ്ഡിത മൂഢൻ? ഉണ്ടെങ്കിൽ ആ പൈശാചിക നടപടിയെ ന്യായീകരിക്കുമോ?
3. ഔഷധവില നിയന്ത്രണ ഉത്തരവ് (2013) അറിയുമോ കോമള കളേബര വദനന്? (അഭിനന്ദനം കേട്ട് ഒന്ന് പുളകിത ഗാത്രനായിക്കോട്ടെ ) അസാധാരണ സാഹചര്യങ്ങളിൽ പൊതുതാൽപര്യം മുൻനിർത്തി വിപണിയിൽ ജീവൻ രക്ഷാ ഔഷധങ്ങളുടെ വില നിയന്ത്രണം ഉറപ്പാക്കാൻ സർക്കാരിന് അധികാരമുണ്ട്. ആ അധികാരം മുമ്പ് പലപ്പോഴും പ്രയോഗിച്ചിട്ടുണ്ട് കേന്ദ്ര സർക്കാരുകൾ. ആടെന്തറിഞ്ഞു അങ്ങാടി വാണിഭം?
4. ജീവൻ രക്ഷാ ഔഷധങ്ങളുടെ വില നിയന്ത്രണം സർക്കാർ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി 2003 ൽ വിധിച്ചതറിയുമോ? (KS Gopinath vs Union of India) പോട്ടെ ദുരന്തനിവാരണ നിയമം (2005) പ്രകാരം ഏത് ചട്ടങ്ങളിലും മാറ്റം വരുത്തി ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നെങ്കിലുമറിയാമോ? കോവിഡ് ഒരു ദേശീയ ദുരന്തമാണെന്നെങ്കിലും നിരീക്ഷക ധുരന്ധരൻ മനസ്സിലാക്കിയിട്ടുണ്ടോ?
5. വാക്സിന് ലോകത്തേറ്റവും ഉയർന്ന വില ഇന്ത്യയിലാണെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് പോലുള്ള ദേശീയ മാദ്ധ്യമങ്ങളും ആരോഗ്യ വിദഗ്ദ്ധരും പട്ടിക സഹിതം ചൂണ്ടിക്കാണിച്ച ദിവസം തന്നെ ഇന്ത്യയിൽ വില കൂടുതലല്ല എന്ന കല്ലുവെച്ച നുണ തട്ടിവിടാൻ തൊലിക്കട്ടിയുടെ ബലമല്ലാതെ എന്തെങ്കിലും ഡേറ്റയുടെ പിൻബലമുണ്ടോ?
6. എന്നിട്ടിപ്പോൾ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാരിന് തന്നെ വാക്സിൻ വില കുറക്കാൻ കമ്പനികളോട് ആവശ്യപ്പെടേണ്ടി വന്നതായി വാർത്ത. ഇപ്പോഴിതാ സുപ്രീം കോടതിയും വാക്സിൻ വിലയിലെ പൊരുത്തക്കേട് ചോദ്യം ചെയ്യുന്നു.എന്തുകൊണ്ട്? വില കൂടുതലല്ല എന്ന ബസ് ടിക്കറ്റ് ന്യായീകരണവുമായി വന്നവൻ നീളൻ നാവ് തിരിച്ച് ചുരുട്ടി മടക്കി വായിൽ തിരുകും മുമ്പേ കേന്ദ്രൻ വില കുറക്കാമോ എന്ന് ചോദിക്കുന്നതിനെപ്പറ്റി മിണ്ടാട്ടമുണ്ടോ?
7.18 -45 പ്രായപരിധിയിലുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രം വാക്സിനേഷൻ എന്ന സർവത്ര പ്രതിഷേധമുണ്ടാക്കിയ കേന്ദ്ര നിലപാടിനെ ന്യായീകരിക്കാൻ ആറ്റിലേക്ക് എടുത്തു ചാടിയ അച്യുതൻ തിരിച്ചു കയറും മുമ്പ് കേന്ദ്രം ആദ്യ മാർഗ്ഗ നിർദ്ദേശം തിരുത്തിയതോ?
8. ഇന്ത്യയിൽ ഓക്സിജൻ ക്ഷാമമില്ല എന്ന്, ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചവരെ ക്രൂരമായി പരിഹസിച്ചു കൊണ്ട് ന്യായീകരിച്ച, രാജാവിനേക്കാൾ വലിയ രാജഭക്തൻ അറിയുന്നുണ്ടോ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ യു.എസ്, യു.കെ മുതൽ സൗദി അറേബ്യ വരെയുള്ള ലോക രാജ്യങ്ങളുടെ മുഴുവൻ സഹായം തേടി പരക്കം പായുന്ന കാര്യം? പത്രം വായനയെങ്കിലും വേണ്ടേ മിനിമം?
9. കേരളം മാത്രം ഓക്സിജൻ മിച്ചമായത് പിണറായിയുടെ പ്രാഗത്ഭ്യമല്ല മോദിയുടെ മിടുക്കാണെന്നും മോദിയുടെ മൂക്കിന് താഴെ ഡൽഹിയിൽ ഓക്സിജൻ കിട്ടാത്തത് കേജ്രിവാളിൻ്റെ കുഴപ്പമാണെന്നുമൊക്കെ തരാതരം മലക്കം മറയാൻ മാത്രം നാണമുക്തനായവനെ നിരീക്ഷകനെന്നോ വിദൂഷകനെന്നോ വിളിക്കേണ്ടൂ?
10. യുപിയിൽ കേന്ദ്രം അനുവദിച്ചു എന്നു പറയുന്ന 14 ഓക്സിജൻ പ്ലാൻറിൽ ഒന്നു പോലും ആറു മാസമായിട്ടും തുടങ്ങാത്തതിൻ്റെ ഉത്തരവാദി യോഗിയോ മോദിയോ എന്ന സ്ട്രെയിറ്റ് ക്വസ്റ്റ്യന് വായിൽ കോലിട്ട് കുത്തിയാലും ചിറിയിൽ തോണ്ടിയാലും മറുപടി പറയില്ലെന്ന് ശപഥമെടുത്ത നിർഗുണനെ നിഷ്പക്ഷനെന്ന് വിളിക്കണോ?
11 .കേരളത്തിലെ ഓക്സിജൻ മിച്ചം സ്വകാര്യ മേഖലയുള്ളതുകൊണ്ടാണെന്ന മഹാ കണ്ടു പിടുത്തം നടത്തിയ ഗവേഷണ പടുമരം യുപിയിലും ഗുജറാത്തിലും മോദിയുടെ ഇന്ത്യയിലുമൊന്നും സ്വകാര്യ മേഖലയെ കണ്ടെത്തിയില്ലേ? ങേ?
ഗുജറാത്തിലെ IMA ഇന്നലെ മുഖ്യമന്ത്രിയോട് പറഞ്ഞത് ഉടൻ ഓക്സിജൻ ലഭ്യമാക്കിയില്ലെങ്കിൽ 4000 രോഗികളുടെ ജീവൻ അപകടത്തിലാവുമെന്നാണ്.(The Hindu, 27.4) എന്നേക്കാളും വലിയ IMA യോ എന്നായിരിക്കും നിരീക്ഷകഭാവം. മരിച്ചു വീഴുന്ന മനുഷ്യരുടെ ശ്വാസത്തിന് കുഴപ്പമില്ലെന്ന നിരീക്ഷണവും പ്രജാപതിയുടെ അധോവായുവിനെന്ത് സുഗന്ധം എന്ന പ്രകീർത്തനവും ഒരേ സമയം നടത്തുന്ന തൊമ്മിക്കെന്ത് മറുപടി?
12. ഗുജറാത്താണല്ലോ മനോരാജ്യത്തിലെ മാതൃക. ഇന്നത്തെ ദി ഹിന്ദു (27.04.2021)പ്രസിദ്ധീകരിച്ച കണക്കു നോക്കുക. ഞായറാഴ്ച (25.04.2021) ഗുജറാത്ത് സർക്കാരിൻ്റെ കണക്കിൽ സംസ്ഥാനത്താകെ കോവിഡ് ബാധിച്ച് മരിച്ചത് 157 പേർ മാത്രം. എന്നാൽ അഹമ്മദാബാദിലേയും സൂറത്തിലേയും മൂന്ന് കോവിഡ് ആശുപത്രികളിൽ മാത്രം അന്ന് മരിച്ചത് 226 പേർ ! സന്ദേശും ന്യൂയോർക്ക് ടൈംസുമെല്ലാം സമാനമായ കണക്കൊളിപ്പിക്കൽ നേരത്തേ തുറന്നു കാട്ടിയില്ലേ?വസ്തുതകളേയും സത്യത്തേയും ഇങ്ങനെ കുഴിച്ചുമൂടാൻ പരിശീലിച്ച ഒരു പരിവാരത്തിൽ പെട്ടവനോട് മനഃസാക്ഷിയില്ലേ, ലജ്ജയില്ലേ എന്നൊക്കെ ചോദിക്കുന്നതിൽ വല്ല അർത്ഥവുമുണ്ടോ?
എന്തായാലും ഒരു ഗുണമുണ്ടായി. ഞാൻ പേര് പറയാതിരുന്ന അപ്രഖ്യാപിത സംഘികളിലൊരാൾ പേരു സ്വയം വെളിപ്പെടുത്തി ! സംഘി സ്വത്വം ഇതാദ്യമായി സമ്മതിച്ചു!! നാട്ടുകാർക്ക് പകൽ വെളിച്ചത്തിൽ തന്നെ അത് തിരിച്ചറിയാനായി.
സംഘിയാണ്. വിവരക്കേടും അഹന്തയുമാണ് അലങ്കാരം.ഗൂഗിൾ മാത്രമാണശ്രയം. അതു വെച്ചുള്ള ലാട വൈദ്യം മാത്രമേ കയ്യിലിരുപ്പായിട്ടുള്ളൂ. അധികമായി ദുഷിച്ചു നീണ്ട ഒരു നാവും ചെളി തെറിപ്പിക്കാനുള്ള ജൈവിക ചോദനയുമുണ്ട്. എന്നാലോ നാട്യ പ്രമാണിയാണ്. WHO മുതൽ മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി വരെയുള്ളവരുടെ കണക്കുകളും വിമർശനങ്ങളുമല്ല താൻ പറയുന്നതാണ് ശരി എന്നൊക്കെയാണ് ഭാവം.ഭജന സംഘത്തിൻ്റെ വാഴ്ത്തു പാട്ടിലും പിന്നെ സ്വയം അഭിനന്ദിക്കുന്നതിലുമാണ് ആത്മഹർഷം.മാനായും മാരീചനായും (രാക്ഷസൻ ) പ്രത്യക്ഷപ്പെട്ട് കബളിപ്പിക്കുന്നവനെന്ന് കളിയാക്കിയാൽ അതുമെൻ്റെ കഴിവാണെന്ന് ഊറ്റം കൊള്ളുന്നവനാണ്. മുറി മൂക്കൻ രാജാവെന്ന് പരിഹസിച്ചാൽ അവിടേയും രാജാവാണല്ലോ എന്ന് അഭിമാനിച്ചു കളയും. എവിടെ മുളച്ച ആലാണെങ്കിലും അതിൽ ഊഞ്ഞാലുകെട്ടിയാടുന്നവനാണ്. ശ്രദ്ധ പിടിച്ചുപറ്റാൻ അടങ്ങാത്ത അഭിവാഞ്ഛയാണ്. പബ്ലിസിറ്റി നെഗറ്റീവായാലും സന്തോഷമേയുള്ളു. അതിനുള്ള വാനരക്രിയകളിലാണ് താൽപര്യമെപ്പോഴും. അല്ലാതെ അർത്ഥപൂർണ്ണമായ സംവാദങ്ങൾക്കൊന്നും ഉതകുന്ന അറിവിൻ്റെയോ മര്യാദയുടേയോ സഹിഷ്ണുതയുടേയോ സംസ്കാരത്തിൻ്റെയോ ഭാഷയുടേയോ മൂലധനമൊന്നുമില്ലാത്ത വെറും വാചാടോപക്കാരൻ. അത്തരക്കാർക്ക് പറ്റിയ ഭാഷയും ശൈലിയും തൽക്കാലം സ്വീകരിക്കേണ്ടി വന്നു. വിവേകമതികൾ ഇത്തവണത്തേക്ക് കൂടി ക്ഷമിക്കുമല്ലോ. ചെളിയിൽ പുളക്കാൻ ഇഷ്ടപ്പെടുന്നവരുമായുള്ള മൽപ്പിടുത്തം നിർത്തി. മനുഷ്യർ ഈയാംപാറ്റകളെപ്പോലെ മരിച്ചു വീഴുന്ന ഒരു മഹാദുരന്തത്തിൻ്റെ കാലത്ത് പറയാനും ചെയ്യാനും വേറെ ഒരു പാട് കാര്യങ്ങളുണ്ടല്ലോ.
Discussion about this post