ജാമ്യത്തിലെടുത്ത ബൈക്കുമായി പോലീസ് സ്റ്റേഷനുമുന്നില്‍ അഭ്യാസം: യുവാവിന്റെ ലൈസന്‍സ് റദ്ദാക്കി

കൊല്ലം: കസ്റ്റഡിയിലെടുത്ത ബൈക്ക് ജാമ്യത്തിലെടുത്ത് പോലീസ് സ്റ്റേഷന്റെ മുന്നില്‍ വച്ച് അഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

ആഢംബര ബൈക്കില്‍ കൊല്ലം പരവൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ അഭ്യാസം കാട്ടിയ കാവനാട് വള്ളിക്കീഴ് നഗര്‍ പ്രിയാനിവാസില്‍ നിധേഷിന്റെ (22) ഡ്രൈവിങ് ലൈസന്‍സാണ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കിയത്.

അഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ യുവാവ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ബൈക്ക് വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തു.

വാഹനത്തിന്റെ രജിസ്ട്രേഷനും ഇയാളുടെ ലൈസന്‍സും താത്കാലികമായി റദ്ദാക്കാന്‍ പോലീസ് റിപ്പോര്‍ട്ടുപ്രകാരം കൊട്ടാരക്കര എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒ നടപടി തുടങ്ങി. ബൈക്ക് പരവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിനെ വെല്ലുവിളിച്ച് യൂട്യൂബിലിട്ട വീഡിയോ വൈറലായിരുന്നു.

കൊല്ലം-പരവൂര്‍ തീരദേശപാതയില്‍ നിന്ന് കഴിഞ്ഞ നാലിന് തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ ദിവസമാണ് നമ്പര്‍ പ്ലേറ്റില്ലാത്ത സ്പോര്‍ട്‌സ് ബൈക്ക് സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ പിടികൂടിയത്. പിടികൂടിയ ബൈക്ക് പോലീസുകാരന്‍ സ്റ്റേഷനിലേക്ക് ഓടിച്ചുപോകുന്നതുമുതലുള്ള ദൃശ്യങ്ങള്‍ നിധേഷിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മെബൈലില്‍ പകര്‍ത്തിയിരുന്നു.

ബൈക്ക് സ്റ്റേഷനില്‍ നിന്ന് ജാമ്യത്തിലിറക്കിയപ്പോഴാണ് ഒറ്റ ടയറില്‍ ബൈക്ക് ഉയര്‍ത്തി അഭ്യാസം കാട്ടിയ ശേഷം ഓടിച്ചുപോകുന്നതു ചിത്രീകരിച്ചത്. ഭീഷണിയും ചേര്‍ത്താണ് വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. ‘അവനെ പിടിക്കാന്‍ ഏമാന്‍മാര്‍ക്ക് ഉടല്‍ വിറയ്ക്കും. അവന്‍ നാലാംദിവസം സ്റ്റേഷനില്‍ നിന്ന് പൊടിതട്ടി ഇറങ്ങിപ്പോകും. പിടിച്ചവനെ ഐസുപെട്ടിയില്‍ കിടത്തും’ എന്നിങ്ങനെയായിരുന്നു ഭീഷണി.

ഇത് വൈറലായതോടെ വെല്ലുവിളി വിനയായി. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക് സ്റ്റേഷനിലെത്തിയിട്ടും ശ്രദ്ധിച്ചില്ലെന്നത് വീഴ്ചയായി. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ചാത്തന്നൂര്‍ എസിപി വൈ നിസാമുദ്ദീന്‍ അറിയിച്ചു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സ്പെഷ്യല്‍ ബ്രാഞ്ച് കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Exit mobile version