തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിന് പോലീസ് പിടിച്ചയാൾ വീണ്ടും പോലീസിന്റെ മൂക്കിന്റെ തുമ്പത്ത് ഷോ കാണിച്ച് വെല്ലുവിളിച്ചാൽ എന്തുസംഭവിക്കുമെന്ന് ട്രോൾ വീഡിയോയിലൂടെ വ്യക്തമാക്കി കേരളാ പോലീസ്. രണ്ട് തവണയും യുവാവിനെ പിടികൂടിയതും വിട്ടയച്ചതുമെല്ലാം ചേർത്ത് കെജിഎഫ് പശ്ചാത്തലത്തിൽ ഒരു കഥ പോലെ പറയുകയാണ് ഇവിടെ പോലീസ്.
ഓവർ സ്പീഡിനും അലക്ഷ്യമായ ഡ്രൈവിംഗിനും പോലീസ് പിടിച്ച യുവാവ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയതും സ്റ്റേഷൻ പരിസരത്ത് തന്റെ ന്യൂജെൻ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. പക്ഷെ പോലീസ് ഇതും ചേർത്ത് മറ്റൊരു കേസെടുത്ത് ബൈക്കർക്ക് പണി കൊടുക്കുകയായിരുന്നു.
രണ്ട് ചാപ്റ്ററുകളായി കെജിഎഫ് സിനിമ പോലെയാണ് കേരളാ പോലീസിന്റെ സോഷ്യൽമീഡിയ വിഭാഗം വീഡിയോ എഡിറ്റ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആദ്യത്തെ വീഡിയോയിൽ യുവാവ് ട്രാഫിക് നിയമം ലംഘിച്ചതിന് പോലീസ് പിടിക്കുകയും ശേഷം സ്റ്റേഷനിൽ നിന്നും ബൈക്കിൽ ഇറങ്ങിവരുന്നതുമാണ്. തുടർന്ന് രണ്ടാമത്തെ ചാപ്റ്ററിൽ യുവാവ് സ്റ്റേഷൻ പരിസരത്ത് വെച്ച് ബൈക്കിന്റെ പിൻചക്രം പൊക്കി അഭ്യാസ പ്രകടനം നടത്തുകയും തുടർന്ന് രണ്ടാമതും പോലീസ് പിടിക്കുകയായിരുന്നു. ലൈസൻസും ആർസി ബുക്കും റദ്ദ് ചെയ്യാനുള്ള നടപടികൾ പുറകെ വരുന്നുണ്ടെന്ന് വീഡിയോയിൽ അറിയിപ്പും നൽകുന്നുണ്ട്.
അതേസമയം, രണ്ടാമതും പിടികൂടുമ്പോൾ മറ്റൊരു ബൈക്കിലായിരുന്നോ യുവാവെന്ന സോഷ്യൽമീഡിയയുടെ സംശയത്തിനും പോലീസ് മറുപടി നൽകുന്നുണ്ട്. വീഡിയിലെ രണ്ട് ചാപ്റ്ററിലുള്ളതും ഒരേ ബൈക്ക് തന്നെയാണെന്നും സ്റ്റിക്കർ മാറ്റിയതാണ് സംശയത്തിന് കാരണമെന്നും പോലീസ് കമന്റ് ബോക്‌സിലൂടെ വ്യക്തമാക്കി.
‘ജഡ്ജസ് പ്ലീസ് നോട്ട്: വീഡിയോയിലെ രണ്ടു പാർട്ടിലെയും ബൈക്ക് ഒന്നു തന്നെയാണ്. അദ്യത്തെതിൽ RC ബുക്കിൽ ഉള്ള നിറത്തിന് പുറമെയുള്ള സ്റ്റിക്കർ ഉണ്ടായിരുന്നു. രണ്ടാം പാർട്ടിൽ അതില്ല’-എന്നാണ് കേരള പോലീസ് കമന്റ് ചെയ്തത്.
Discussion about this post