തിരുവനന്തപുരം: പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് 2000 രൂപ പിഴയീടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനം. വീണ്ടും ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയടയ്‌ക്കേണ്ടി വരും. ഇതിനൊപ്പം മൂന്നുമാസംവരെ ലൈസന്‍സിന് അയോഗ്യതയും വരാം.
സംസ്ഥാനത്തെ വായു മലിനീകരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്നതോതില്‍ അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ഹരിത ബോധവത്കരണം എന്നപേരില്‍ മോട്ടോര്വാഹനവകുപ്പ് കര്‍ശനപരിശോധന ആരംഭിച്ചത്. ഏപ്രില്‍ മുപ്പതുവരെ പരിശോധന തുടരും.
പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തപക്ഷം ഏഴു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നേരത്തെ നിര്‍ദേശിക്കുമായിരുന്നു. ഇനി മുതല്‍ ഈ ഇളവുകള്‍ ഉണ്ടാകില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അതേസമയം പുക പരിശോധന കേന്ദ്രങ്ങള്‍ ഓണ്‍ലൈനാക്കുന്നതും ഇ-സര്‍ട്ടിഫിക്കറ്റുകളിലേക്ക് മാറ്റുന്നതുമായ നടപടികള്‍ പുരോഗമിക്കുകയാണ്. വാഹന പുക പരിശോധന വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പിന് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന തരത്തിലാകും പ്രവര്‍ത്തനം.