കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായര്‍ കുറ്റക്കാരിയെന്ന് കോടതിയുടെ ഉത്തരവ്. സംഭവത്തില്‍ ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം പ്രസ്താവിക്കും. അതേസമയം, താന്‍ കുറ്റക്കാരിയല്ലെന്നും ബിജുരാധാകൃഷ്ണന്‍ തന്നെ ചതിച്ചതാണെന്നും സരിത നായര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കോടതി ആ വാദം മുഖവിലയ്‌ക്കെടുത്തില്ല. ശേഷം കേസില്‍ കുറ്റക്കാരിയെന്ന് വിധി പറയുകയായിരുന്നു.
കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സോളാര്‍ പാനല്‍ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് സരിത നായര്‍ക്കെതിരായ കേസ്. കസബ പോലീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് അബ്ദുള്‍ മജീദ് എന്ന പരാതിക്കാരന്റെ ആരോപണം.
കഴിഞ്ഞ മാസം കേസിന്റെ വിധി വരാനിരിക്കുകയായിരുന്നു. എന്നാല്‍ സരിത നായര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. സോളാര്‍ തട്ടിപ്പുകേസില്‍ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും സരിതയ്‌ക്കെതിരേ വാറണ്ട് നിലനില്‍ക്കുന്നുണ്ട്. സരിതയ്ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ബിസിനസിന് വേണ്ടി ചതി എന്നതിനപ്പുറം ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.