ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ നിരോധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. മേയ് രണ്ടിന് വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തോ സമീപ പ്രദേശങ്ങളിലോ ഒരുതരത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളും പാടില്ലെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പ് നടന്ന കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വിലക്ക് ബാധകമാണ്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. വാര്‍ത്ത കുറിപ്പിലൂടെയാണ് വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ നിരോധിച്ച കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.
വിജയിച്ച സ്ഥാനാര്‍ഥി റിട്ടേണിങ് ഓഫിസറില്‍ നിന്ന് സാക്ഷ്യപത്രം സ്വീകരിക്കാനെത്തുമ്പോള്‍ രണ്ടു പേര്‍ക്കു മാത്രമായിരിക്കും ഒപ്പം എത്താന്‍ അനുമതിയെന്ന് കമ്മിഷന്‍ ഉത്തരവില്‍ അറിയിച്ചു.
രാജ്യത്തെ കൊവിഡ് രണ്ടാംതരംഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. നിങ്ങളാണ് കൊവിഡിന്റെ രണ്ടാം തരംഗത്തിന് ഏക കാരണക്കാര്‍. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതകത്തിന് കേസെടുക്കണം’, റാലികള് അരങ്ങേറിയപ്പോള്‍ നിങ്ങള്‍ അന്യഗ്രഹത്തിലായിരുന്നോ എന്നും കോടതി ചോദിച്ചിരുന്നു.
മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണലിന് കൃത്യമായ പദ്ധിതി തയ്യാറാക്കിയില്ലെങ്കില്‍ അത് തടയുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടെണ്ണല്‍ ദിനത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
Discussion about this post